Cinema

എമ്പുരാനിൽ ട്വിസ്റ്റ്! ലൈക്ക പോയി, ഗോകുലം വന്നു

  • എമ്പുരാൻ റിലീസ് തീയതി മാറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം; ഗോകുലം മുവീസ് നിർമാണ പങ്കാളിത്തം ഏറ്റെടുത്തു

മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന ബിഗ്ബജറ്റ് ചിത്രം എമ്പുരാൻ മാർച്ച് 27ന് തന്നെ റിലീസ് ചെയ്യും. ചിത്രത്തിൽ ആദ്യം നിർമാണ പങ്കാളിയായിരുന്ന ലൈക്ക് പ്രൊഡക്ഷൻസ് പിൻമാറി. ആശിർവാദ് സിനിമാസിനൊപ്പമാണ് ലൈക്കയും പങ്കാളിയായിരുന്നത്. എന്നാൽ നിർമാതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ലൈക്കക്ക് പകരം ഗോകുലം മുവീസ് നിർമാണ പങ്കാളിത്തം ഏറ്റെടുത്തിരിക്കുകയാണ്. ലൈക്കയുടെ തുക സെറ്റിൽമെന്റ് നടത്തിയതായാണ് അറിയുന്നത്.

പ്രീ ബിസിനസുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് ലൈക്ക പിന്മാറാൻ കാരണമെന്നാണ് റിപ്പോർട്ട്. ലൈക്കയുടെ ഡിമാൻഡുകൾ അംഗീകരിക്കാൻ ആശിർവാദ് സിനിമാസ് തയ്യാറാകാതെ വന്നതോടെ പ്രശ്നം സങ്കീർണമായി. എമ്പുരാനു വേണ്ടി ഇതുവരെ ചെലവഴിച്ച പണത്തിനൊപ്പം നഷ്ടപരിഹാരമായി 15 കോടിയോളം രൂപയും ലൈക്ക ആശിർവാദ് സിനിമാസിനോടു ആവശ്യപ്പെട്ടുവെന്നാണ്. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഗോകുലം മൂവീസിന്റെ സഹായം ആശിർവാദ് സിനിമാസ് തേടിയത്.

‘അവരുമായുള്ള പ്രശ്നങ്ങൾ തീർക്കാനാണല്ലോ നമ്മൾ ശ്രമിക്കേണ്ടത്. അതുകൊണ്ടാണ് ഇടപെട്ടത്. ആർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ തർക്കം തീർത്തു എന്നാണ് എന്റെ വിശ്വാസം. 27ന് തന്നെ ചിത്രം റിലീസാകും എന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഉടനെ അറിയിക്കുന്നതായിരിക്കും,’ ഗോകുലം ഗോപാലൻ പറഞ്ഞു.

സമീപകാലത്ത് ലൈക്ക ചെയ്ത സിനിമകളെല്ലാം ബോക്സ്ഓഫീസിൽ വൻ പരാജയങ്ങളായിരുന്നു. ലാൽ സലാം, ഇന്ത്യൻ 2, വിടാമുയർച്ചി, വേട്ടയ്യൻ എന്നീ സിനിമകൾ ബോക്സ്ഓഫീസിൽ വലിയ ചലനം ഉണ്ടാക്കിയില്ല. ഈ സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയതെന്നാണ് വിവരം.

അതേസമയം ഗോകുലം മൂവീസ് എത്തിയത് എമ്പുരാന് ഗുണം ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രൊമോഷനിൽ അടക്കം മലയാളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിർമാണ കമ്പനിയാണ് ഗോകുലം മൂവീസ്. ലൈക്ക ഉള്ളപ്പോൾ കിട്ടിയതിനേക്കാൾ കൂടുതൽ സ്‌ക്രീനുകൾ ഗോകുലം മൂവീസിലൂടെ ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആണ് എമ്പുരാൻ സംവിധാനം ചെയ്തിരിക്കുന്നത്. മാർച്ച് 27 നു ചിത്രം വേൾഡ് വൈഡായി തിയറ്ററുകളിലെത്തും. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാരിയർ, അഭിമന്യു സിങ്, ജെറോം ഫ്‌ളയ്ൻ, കിഷോർ കുമാർ, സുരാജ് വെഞ്ഞാറമൂട്, ഫാസിൽ, സായ്കുമാർ, ബൈജു സന്തോഷ് തുടങ്ങിയവരാണ് എമ്പുരാനിൽ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.