Politics

പത്മജയുടെ ആസ്തി വളര്‍ന്നത് അഞ്ചിരട്ടി; 4 കോടിയില്‍ നിന്ന് 20 കോടിയായി വളർന്ന സ്വത്തിന്റെ കണക്ക് ഇങ്ങനെ

തിരുവനന്തപുരം: കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തതോടെ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത് പത്മജയുടെ കൂടുമാറ്റത്തിന് പിന്നിലെ കാരണങ്ങളാണ്. ഇ.ഡിയെ പേടി മുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പാരവെപ്പ് വരെ കാരണങ്ങളായി പലരും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇ.ഡിയെ പേടിക്കേണ്ട എന്ത് സാഹചര്യമാണ് പത്ജമ വേണുഗോപാലിനുള്ളത്. 2021 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് 19.09 കോടിയുടെ ആസ്തിയുണ്ടെന്നാണ്.

പത്മജയുടെ സ്വത്തുകള്‍ 2004നു ശേഷം 5 മടങ്ങ് വര്‍ദ്ധിച്ചു എന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

2004 ല്‍ മുകുന്ദപുരം ലോക്‌സഭ സീറ്റില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം 4.18 കോടിയാണ് പത്മജയുടെ സ്വത്ത്. 2016 ല്‍ തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ മല്‍സരിക്കുമ്പോള്‍ സ്വത്ത് 17.92 കോടിയായി ഉയര്‍ന്നു. 2021 ല്‍ തൃശൂരില്‍ വീണ്ടും മല്‍സരിക്കുമ്പോള്‍ സ്വത്ത് 19.09 കോടിയായി. സ്വത്തുകള്‍ വര്‍ദ്ധിച്ചെങ്കിലും തെരഞ്ഞെടുപ്പുകളില്‍ എല്ലാം പത്മജ പരാജയപ്പെട്ടുവെന്നത് ചരിത്രം.

രാജ്യസഭ സീറ്റാണ് പത്മജ വേണുഗോപാലിന് ബി.ജെ.പി നല്‍കിയ വാഗ്ദാനം എന്നാണ് അറിയുന്നത്. മോദി ഹാട്രിക് അടിച്ചാല്‍ കേന്ദ്രമന്ത്രി കസേരയില്‍ പത്മജ ഉണ്ടാവും എന്നാണ് സുരേഷ് ഗോപിയുടെ ഉറപ്പ്. പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലെത്തിയതോടെ താരമൂല്യം വര്‍ദ്ധിച്ചത് സുരേഷ് ഗോപിക്ക്.

സുരേഷ് ഗോപിയാണ് പത്മജയുടെ ബി.ജെ.പി പ്രവേശനത്തിന് ചുക്കാന്‍ പിടിച്ചത്. തൃശൂര്‍ കടമ്പ കടക്കാന്‍ ആവനാഴിയിലെ അമ്പുകള്‍ ഓരോന്നായി എയ്തുവിടുകയാണ് സുരേഷ് ഗോപി. മല്‍സരിച്ച തെരഞ്ഞെടുപ്പുകളില്‍ എല്ലാം തോറ്റ പത്മജയുടെ ജനകീയ അടിത്തറയില്‍ ബി.ജെ.പിക്ക് പോലും സംശയമുണ്ട്. പത്മജക്ക് ജനസ്വാധീനം ഉണ്ടെന്നാണ് സുരേഷ് ഗോപിയുടെ കണ്ടുപിടിത്തം.

എന്തായാലും, തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം പത്മജയുടെ ജനസ്വാധിനം. ഇ.ഡി പേടികൊണ്ടാണ് പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് ബിന്ദു കൃഷ്ണയുടെ ആരോപണം. പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്‌തെന്നാണ് ബിന്ദു കൃഷ്ണ പറയുന്നത്. എന്നാല്‍ പത്മജയുടെ ഭര്‍ത്താവ് ഡോ. വേണുഗോപാല്‍ ഇത് കയ്യോടെ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *