
ഐപി എൽ 2025 ൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഒന്നിലധികം സെഞ്ച്വറികൾ നേടുമെന്ന് ജ്യോതിഷ വെബ്സെറ്റായ ബെജൻ പരിവാറിൻ്റെ പ്രവചനം. ഇതിന് മുൻപും നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുണ്ട് ബെജൻ പരിവാർ.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ട് പരിക്കേറ്റ സഞ്ജു വിശ്രമത്തിലാണ്. അതിനിടയിലാണ് സഞ്ജു കസറും എന്ന പ്രവചനം വരുന്നത്. പ്രവചനത്തിൽ സഞ്ജു ആരാധകർ പ്രതീക്ഷയിലാണ്.
മാർച്ച് 23 നാണ് രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ മൽസരം. സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. പരിക്ക് മൂലം സഞ്ജു സാംസൻ രാജസ്ഥാന് വേണ്ടി ആദ്യ മത്സരത്തിൽ ഇറങ്ങില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മാർച്ച് 26 ന് കൽക്കത്ത നൈറ്റ് റൈഡേഴ്സുമായിട്ടാണ് രാജസ്ഥാൻ റോയൽസിൻ്റെ രണ്ടാമത്തെ മത്സരം.
ഐ പി എല്ലിൽ 4419 റൺസാണ് സഞ്ജുവിൻ്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 139. കൂടാതെ 82 ക്യാച്ച്, 16 സ്റ്റമ്പിംഗ്, 13 റൺ ഔട്ട് എന്നിങ്ങനെയാണ് ഐ പി എല്ലിലെ സഞ്ജുവിൻ്റെ പ്രകടനങ്ങൾ. ഐ പി എല്ലിൽ 3 സെഞ്ച്വറിയും സഞ്ജുവിൻ്റെ പേരിൽ ഉണ്ട്. 2021 ൽ പഞ്ചാബ് കിംഗ്സിനെതിരെയാണ് സഞ്ജു മൂന്നാം സെഞ്ച്വറി നേടിയത്. അന്ന് നേടിയ 119 റൺസാണ് സഞ്ജുവിൻ്റെ ഐപിഎല്ലിലെ ഉയർന്ന സ്കോറും.
ഐ പി എല്ലിലെ തൻ്റെ ഏറ്റവും ഉയർന്ന സ്കോറായ 119നെ സഞ്ജു മറികടക്കും എന്ന പ്രതീക്ഷയും ആരാധകർ വച്ചു പുലർത്തുന്നു. പരിക്കിൽ നിന്ന് മോചിതനായി എത്തുന്ന സഞ്ജുവിൽ നിന്ന് രാജസ്ഥാന് ഏറെ പ്രതീക്ഷ വച്ച് പുലർത്തുന്നു. അവരുടെ ഒന്നാം നമ്പർ താരമാണ് സഞ്ജു. സഞ്ജുവിൻ്റെ പ്രകടനമാകും രാജസ്ഥാൻ റോയൽസിനെ മുന്നോട്ട് കൊണ്ട് പോകുക.