NationalNews

മൂന്ന് ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കണം: പ്രക്ഷോഭത്തിലേക്ക് കേന്ദ്ര സർക്കാർ ജീവനക്കാർ

ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ ജീവനക്കാർ. കോവിഡ് കാലത്ത് തടഞ്ഞ് വച്ച 18 മാസത്തെ ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്നാവശ്യപെട്ട് പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ.

കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയിസ് ആൻ്റ് വർക്കേഴ്സ് ക്ഷാമബത്ത കുടിശിക അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള ക്ഷാമബത്തയാണ് കോവിഡ് മൂലം കേന്ദ്ര സർക്കാർ തടഞ്ഞ് വച്ചത്.

ഒരു വർഷം 2 ഗഡുക്കൾ ആണ് ക്ഷാമബത്തയായി ലഭിക്കുന്നത്. 2020 ജനുവരി മുതൽ 2021 ജൂൺ വരെ ക്ഷാമബത്ത തടഞ്ഞ് വച്ചതു വഴി ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 3 ഗഡുക്കൾ ആണ്. തടഞ്ഞ് വച്ച ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്ന് ജീവനക്കാർ പല വട്ടം ആവശ്യപ്പെട്ടപ്പോഴും കേന്ദ്രം മുഖം തിരിച്ചിരുന്നു. നിലവിലെ സാമ്പത്തിക ചുറ്റുപാടിൽ ഇത് അനുവദിച്ചാൽ സാമ്പത്തിക ഭാരം രൂക്ഷമാകും എന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി.

തടഞ്ഞ് വച്ച ക്ഷാമബത്ത കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, എട്ടാം പേ കമ്മീഷന് ചെയർമാനേയും അംഗങ്ങളേയും നിയമിക്കുക,ആശ്രിത നിയമനത്തിന് 5 ശതമാനം എന്ന പരിധി ഒഴിവാക്കി അർഹതപ്പെട്ട എല്ലാവർക്കും നിയമനം നൽകുക, ഒഴിവുള്ള തസ്തികകളിൽ അടിയന്തിരമായി നിയമനം നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ പ്രക്ഷോഭം.

അതേ സമയം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി പ്രാബല്യത്തിൽ ലഭിക്കേണ്ട ക്ഷാമബത്ത കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കും. 2 ശതമാനം അല്ലെങ്കിൽ 3 ശതമാനം ആയിരിക്കും ക്ഷാമബത്തയായി പ്രഖ്യാപിക്കുക.