News

12000 കോടി ചോദിച്ച പിണറായിക്ക് 5990 കോടി കടമെടുക്കാൻ അനുമതി നൽകി നിർമല സീതാരാമൻ

ന്യൂഡൽഹി: കേരളത്തിന് 5990 കോടി കൂടി കടമെടുക്കാൻ കേന്ദ്രാനുമതി. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് അനുമതി തേടിയത്. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

വൈദ്യുതി മേഖലയിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയതിന് 6250 കോടിയും പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുന്നതും മറ്റും കണക്കിലെടുത്ത് 6000 കോടിയും കടമെടുക്കാൻ അവകാശമുണ്ടെന്നാണു കേരളം കേന്ദ്രത്തെ അറിയിച്ചത്. എന്നാൽ 5990 കോടി കടമെടുക്കാനുള്ള അനുമതിയാണ് ലഭിച്ചത്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ കടമെടുപ്പിനുള്ള അനുമതി സർക്കാരിന് ഏറെ ആശ്വാസമാകും.

ഡൽഹിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു കേരളത്തിനു അധികതുക കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു. ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകൾ പുതുക്കി ഇറക്കിയിരുന്നു.

അതേ അവസരത്തിൽ ഓരോ വകുപ്പുകളും വരുമാനം ഉയർത്താൻ തങ്ങളുടെ സർവീസുകളുടെ ഫീസുകൾ കുത്തനെ ഉയർത്തുകയും ചെയ്തു. 100 ശതമാനം വരെ ഫീസ് ഉയർത്തിയ വകുപ്പുകൾ ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞില്ല. ക്ഷേമ പെൻഷൻ പോലും കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല. 3 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. 4800 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും ലഭിക്കാനുണ്ട്.