CrimeKerala

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി! പണം നൽകാത്തതിൽ വൈരാഗ്യം

തിരുവനന്തപുരം വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ശേഷം പോലീസിൽ കീഴടങ്ങി. 70 വയസ്സുള്ള ജോസാണ് കൊല്ലപ്പെട്ടത്. മകൻ പ്രജിൻ ജോസ് വെള്ളറട പോലീസിലെത്തി കീഴടങ്ങുകയായിരുന്നു. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ചോദിക്കുന്ന പണം നൽകുന്നില്ലെന്നുമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്.ഐ.ആർ.

വെട്ടു കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 9.45ഓടെയായിരുന്നു സംഭവം. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ വീടിന്റെ അടുക്കളയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് ബോധരഹിതയായ സുഷമയെ നാട്ടുകാർ വെള്ളറട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈരാഗ്യത്തിന്റെ പുറത്താണ് കൊലപാതകമെന്നും ലഹരിഉപയോഗിച്ചല്ലെന്നുമാണ് പ്രാഥമിക നിഗമനം. പൊലീസ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ചൈനയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന പ്രജിൽ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയ ഇയാൾ മാതാപിതാക്കൾക്കൊപ്പം വീട്ടിൽ തന്നെയായിരുന്നു കൂടുതൽ സമയവും. ഇയാൾ വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ജോസ് വർഷങ്ങളായി കിളിയൂരിൽ ബ്രദേഴ്‌സ് ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. മകൾ പ്രജില വിവാഹിതയായി ചെന്നൈയിലാണ് താമസം.

അതേസമയം, പോലീസ് കസ്റ്റഡിയിൽ പ്രജിൻ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നാണഅ അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *