Kerala Government News

ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു എപ്പോൾ കൊടുക്കണമെന്ന് തീരുമാനമായില്ല!

ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു അടുത്ത സാമ്പത്തിക വർഷം (2025-26) ഏതൊക്കെ മാസം പി.എഫിൽ ലയിപ്പിക്കുമെന്നതിൽ തീരുമാനമാകാതെ ധനവകുപ്പ്. ഫെബ്രുവരി ഏഴിലെ ബജറ്റ് പ്രസംഗത്തിൽ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്നും അവ പി.എഫിൽ ലയിപ്പിക്കുന്നതാണെന്നും കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.

രണ്ടുഗഡു ഒരുമിച്ച് പി.എഫിൽ ലയിപ്പിക്കണോ അതോ ആറുമാസത്തെ ഇടവേളയിൽ ഒരോഗഡു വീതം ലയിപ്പിക്കണമോ എന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്. ഇതുസംബന്ധിച്ച ഫയൽ ധനമന്ത്രിയുടെ ഓഫീസിലാണ്. ധനമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇതിൽ അന്തിമ തീരുമാനം എടുക്കുക. ആദ്യഗഡു ഏപ്രിലിൽ നൽകി അടുത്ത ഗഡു ഒക്ടോബറിൽ നൽകിയാൽ മതിയെന്നാണ് ധനസെക്രട്ടറിയുടെ നിർദേശം. 2000 കോടി രൂപയാണ് രണ്ടുഗഡുക്കൾ നൽകാൻ സർക്കാർ കണ്ടത്തേണ്ടത്. പി.എഫിൽ ലയിപ്പിക്കുന്നത് വൈകുന്നത് മൂലം പലിശയിനത്തിൽ ജീവനക്കാർക്കുണ്ടാക്കുന്ന നഷ്ടം വർധിക്കും.

ശമ്പള പരിഷ്‌കരണ കുടിശിക പി.എഫിൽ ലയിപ്പിക്കാത്തത് മൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ നഷ്ടപ്പെട്ടത് 355 കോടിയാണ്. പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി പി.എഫിൽ ലയിപ്പിക്കും എന്നായിരുന്നു 2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിൽ ധനമന്ത്രിയായിരുന്ന ഐസക്ക് വ്യക്തമാക്കിയത്.

തുടർഭരണം കിട്ടിയതോടെ ഐസക്കിന്റെ വാഗ്ദാനവും ഉത്തരവും ധനമന്ത്രിയായ കെ.എൻ. ബാലഗോപാൽ വിഴുങ്ങി. 2023 ഏപ്രിൽ, ഒക്ടോബർ, 2024 ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിൽ 4 തുല്യ ഗഡുക്കളായി പി.എഫിൽ ശമ്പള പരിഷ്‌കരണ കുടിശിക ലയിപ്പിക്കും എന്നായിരുന്നു ഉത്തരവ്. 4000 കോടിയാണ് ശമ്പള പരിഷ്‌കരണ കുടിശിക . ഒരു ഗഡു കൊടുക്കാൻ 1000 കോടി വേണം.

പി.എഫിൽ കൃത്യമായി ലയിപ്പിച്ചിരുന്നുവെങ്കിൽ പി.എഫ് പലിശ കൃത്യമായി ലഭിക്കുമായിരുന്നു. 7.1 ശതമാനം ആണ് പി.എഫ് പലിശ നിരക്ക്. 2023 ഏപ്രിലിൽ ഒരു ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിലിൽ പലിശ മാത്രം 142 കോടി ജീവനക്കാർക്ക് ലഭിക്കുമായിരുന്നു. 2023 ഒക്ടോബറിൽ രണ്ടാം ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിൽ ആകുമ്പോൾ ഒന്നര വർഷത്തെ പലിശയായി 106.5 കോടി ലഭിക്കുമായിരുന്നു. 2024 ഏപ്രിലിൽ മൂന്നാം ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിലിൽ ഒരു വർഷത്തെ പലിശയായി 71 കോടി ലഭിക്കുമായിരുന്നു.

2024 ഒക്ടോബറിൽ നാലാം ഗഡുവായ 1000 കോടി പി.എഫിൽ ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിൽ ആകുമ്പോൾ 6 മാസത്തെ പലിശയായി 35.5 കോടി ജീവനക്കാർക്ക് ലഭിക്കുമായിരുന്നു. നാല് ഗഡുക്കൾ കൃത്യമായി പി.എഫിൽ ലയിപ്പിക്കാത്തത് മൂലം പലിശ ഇനത്തിൽ മാത്രം ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 355 കോടിയാണ്.