
ട്രെയിൻ റാഞ്ചൽ: എല്ലാ ബന്ദികളെയും മോചിപ്പിച്ചു; 33 തീവ്രവാദികളെ വധിച്ചെന്ന് പാകിസ്താൻ സൈന്യം
പാകിസ്താനിൽ ബലൂച്ച് ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചിയെടുത്ത് ബന്ധികളാക്കിയവരെ മോചിപ്പിച്ചെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ. ബിഎൽഎയ്‌ക്കെതിരായ ഏറ്റുമുട്ടൽ അവസാനിച്ചെന്ന് പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെ പൊതുപ്രസ്താവന പുറത്തിറക്കി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. 30 മണിക്കൂറോളമാണ് തീവ്രവാദികള്‍ 400 ഓളം പേരുടെ ജീവൻ മുള്‍മുനയില്‍ നിർത്തിയത്.
ആകെ 346 ബന്ദികളെയാണു മോചിപ്പിച്ചത്. ഏറ്റുമുട്ടലിൽ 33 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടു. ട്രെയിനിൽ യാത്ര ചെയ്തിരുന്ന 27 സൈനികരും ഏറ്റുമുട്ടലിൽ ഒരാളും ഉൾപ്പെടെ 28 പാകിസ്താൻ സൈനികർക്കു ജീവൻ നഷ്ടമായി.
ജാഫർ എക്സ്പ്രസ് ട്രെയിനിന് നേരെയുണ്ടായ ആക്രമണത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുഖവും ഞെട്ടലും രേഖപ്പെടുത്തി. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവൃത്തികൾ പാകിസ്ഥാന്റെ സമാധാന ദൃഢനിശ്ചയത്തെ തകർക്കില്ലെന്ന് -പ്രസ്താവനയിൽ പറഞ്ഞു. രക്ഷാപ്രവർത്തനം അവസാനിച്ചതായി പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു.
33 തീവ്രവാദികളും 21 ബന്ദികളും കൊല്ലപ്പെട്ടതായും 300-ലധികം യാത്രക്കാരെ രക്ഷപ്പെടുത്തിയതായും പിടിഐ റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൊവ്വാഴ്ച 500 ഓളം യാത്രക്കാരുമായി യാത്ര ചെയ്യുന്ന ജാഫർ എക്‌സ്പ്രസിന് നേരെ വിഘടനവാദി തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു.
പാക് ജയിലിൽ കഴിയുന്ന ബിഎൽഎ തടവുകാരെ മോചിപ്പിച്ചാൽ മാത്രമേ ബാക്കി ബന്ദികളെ വിട്ടയയ്ക്കൂ എന്നായിരുന്നു ബിഎൽഎയുടെ നിലപാട്. സൈന്യം ഇടപെട്ടാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നും ബിഎൽഎ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഭീഷണി അവഗണിച്ച് പാക്ക് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പൗരരെയും ആദ്യമേ വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി.
ആകെ 450 യാത്രക്കാരാണു ട്രെയിനിൽ ഉണ്ടായിരുന്നത്. പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽനിന്നു വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്‌സ്പ്രസാണു മഷ്‌കഫ് തുരങ്കത്തിൽ ആക്രമിക്കപ്പെട്ടത്. ബിഎൽഎയുടെ ചാവേർസംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
വിസ്തൃതിയിൽ പാക്കിസ്ഥാന്റെ മൂന്നിൽ രണ്ടോളം വരുന്ന മേഖലയാണ് ബലൂചിസ്ഥാൻ. എന്നാൽ, പാക്ക് ജനസംഖ്യയുടെ അഞ്ചിലൊന്നേ ഇവിടെയുള്ളൂ. പ്രകൃതിവാതക നിക്ഷേപവും ധാതുക്കളും കൊണ്ടു സമ്പന്നമായ മേഖലയെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് കാൽനൂറ്റാണ്ടു മുൻപാണ് ബിഎൽഎ സജീവമായത്. മുൻപും ഇവിടെ ട്രെയിനുകൾക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.