Kerala Government News

ശമ്പള പരിഷ്കരണ കമ്മീഷൻ വൈകുന്നതിന് പിന്നിൽ

ബജറ്റിൽ ക്ഷേമ പെൻഷൻ ഉയർത്തും എന്ന് പ്രതീക്ഷിച്ചിരുന്നവരെ അമ്പരിപ്പിക്കുന്ന രീതിയിലാണ് കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. 100 രൂപ പോലും ക്ഷേമ പെൻഷനിൽ വർധനവ് വരുത്തിയില്ല. 2500 രൂപ ക്ഷേമ പെൻഷൻ നൽകും എന്നായിരുന്നു പ്രകടന പത്രിക വാഗ്ദാനം. ഭരണം കിട്ടിയപ്പോൾ വാഗ്ദാനം മറന്നു. 2021 ലെ 1600 രൂപ തന്നെയാണ് ഇപ്പോഴും ക്ഷേമ പെൻഷൻ. ക്ഷേമ പെൻഷൻ ഉയർത്തുന്നതിനേക്കാൾ കുടിശിക കൊടുത്ത് തീർക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നായിരുന്നു ഇതിന് ബാലഗോപാലിൻ്റെ ന്യായികരണം. നിലവിൽ 3 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്.

ക്ഷേമ പെൻഷന്റെ കാര്യത്തിൽ എന്നതു പോലെയാണോ ശമ്പള പരിഷ്കരണ കമ്മീഷനേയും ബാലഗോപാൽ സമീപിക്കുന്നത് എന്ന സംശയമാണ് ജീവനക്കാരിലും പെൻഷൻകാരിലും ഉയരുന്നത്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശികകൾ ഒന്നും ഇതുവരെ നൽകിയിട്ടില്ല.ആദ്യ രണ്ട് ഗഡുക്കൾ മാർച്ച് 29 ന് പി.എഫിൽ ലയിപ്പിക്കാൻ ഉത്തരവിട്ടെങ്കിലും പിൻവലിക്കാൻ സാധിക്കുന്നത് 2026 ഏപ്രിൽ മാസം മാത്രം. ബാക്കി രണ്ട് ഗഡുക്കളിൽ ബാലഗോപാൽ മൗനം പുലർത്തുകയാണ്.

പി.എഫിൽ ലയിപ്പിച്ച രണ്ട് ഗഡു ഡി.എ കുടിശികയുടെ ലോക്ക് ഇൻ പിരിയഡ് നീക്കിയിട്ടുണ്ട്. ബാക്കി രണ്ട് ഗഡുവായ 8 ശതമാനം ഡി.എ കുടിശികയുടെ ഇപ്പോഴും ലോക്ക് ഇൻ പിരിഡിൽ തന്നെ. പെൻഷൻകാർക്ക് കഴിഞ്ഞ പെൻഷൻ പരിഷികരണത്തിൻ്റെ കുടിശിക കൊടുത്ത് തീർത്തെങ്കിലും ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കൾ എന്ന് കൊടുക്കുമെന്ന് പോലും തീരുമാനം ആയില്ല. കഴിഞ്ഞ ശമ്പള പെൻഷൻ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള കുടിശിക നൽകാതെ പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിൽ യുക്തിയില്ല എന്ന നിലപാട് ആണ് ധനവകുപ്പ് സ്വീകരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ആണ് ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം വൈകുന്നതും.