InternationalNews

പാകിസ്താനിൽ ഭീകരർ ട്രെയിൻ റാഞ്ചി; 182 പേരെ ബന്ദികളാക്കി, 20 സൈനികർ കൊല്ലപ്പെട്ടു

പാകിസ്താനില്‍ ട്രെയിൻ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. 20 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം.

പാകിസ്താൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ‌ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. ഒരു തുരങ്കത്തിനടുത്തു വച്ചാണ് ആയുധധാരികളായവർ ട്രെയിന്‍ തടഞ്ഞത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിനു നേരെ വെടിവയ്പ്പുണ്ടായതായും വിവരമുണ്ട്.

ബലൂചിസ്ഥാന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്.