InternationalNews

മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും

മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും.ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ പിന്നിലാക്കിയാണ് കാര്‍ണി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്.

75 വര്‍ഷത്തിനിടെ കാനഡയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ് ട്രൂഡോ. 2015ല്‍ അധികാരമേറ്റെടുത്ത ട്രൂഡോ മികച്ച ഭരണം കാഴ്ച്ചവച്ചെങ്കിലും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളാണ് വിനയായത്. അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച ഒരാളെ തിരഞ്ഞെടുക്കേണ്ടത് രാജ്യത്തിന് ആവശ്യമാണെന്നും നിലവിലെ സാഹചര്യത്തില്‍ തനിക്കതിന് കഴിയില്ലെന്നുമാണ് അദ്ദേഹം രാജി വക്കുമ്പോള്‍ വിശദീകരിച്ചത്.

നല്ല ഭരണം കാഴ്ച വച്ച് തുടങ്ങിയ ട്രൂഡോയുടെ ജനപ്രീതി പതിയെ ഇടിയുകയായിരുന്നു. ഇതിനിടയില്‍ അഴിമതി ആരോപണങ്ങളും പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു. കൊവിഡിന് ശേഷം വീട്ടുവാടകയും ഭക്ഷണ ചെലവുകളും വര്‍ധിച്ചത് നേരിടാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നാലെ കുടിയേറ്റക്കാര്‍ക്കെതിരെ വാളെടുക്കാനായിരുന്നു ട്രൂഡോയുടെ പ്ലാന്‍.

2024ന്റെ അവസാനമെത്തിയപ്പോള്‍ ട്രൂഡോയുടെ ജനപ്രീതി 22 ശതമാനമായി കുറഞ്ഞെന്ന് പോളിംഗ് ട്രാക്കര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണക്കുകള്‍ അനുസരിച്ച് പ്രതിപക്ഷ സ്ഥനാര്‍ത്ഥിയേക്കാള്‍ 20 പോയിന്റുകള്‍ക്ക് പിന്നിലായിരുന്നു ട്രൂഡോ. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിറുത്തി ജനശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതും വീഴ്ച്ചക്ക് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍. ഇതിനിടയില്‍ യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതും കാര്യങ്ങള്‍ വഷളാക്കി.