
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത് പോലീസ് സ്‌റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്നത് 26,195 വാഹനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും കൂട്ടിയിട്ട് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങളുടെ എണ്ണമാണ് ഇതെന്നതാണ് വസ്തുത.
പാലക്കാട് ജില്ലയില്‍ 3,189 വാഹനങ്ങളാണ് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. തൃശൂർ റൂറൽ 2,728 ഉം. തൃശൂർ സിറ്റിയിൽ 2,223ഉം മലപ്പുറത്ത് 2131ഉം എണ്ണം വാഹനങ്ങളാണ് ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്നത്. തിരുവനന്തപുരം സിറ്റിയിലാണ് (234) ഏറ്റവും കുറവ് വാഹനങ്ങള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നത്.

വിവിധ കേസുകളിൽ ഉൾപ്പെട്ടു പിടിച്ചെടുക്കുന്ന വാഹനങ്ങൾ അതതു പോലീസ് സ്റ്റേഷൻ പരിസരത്തു കൂട്ടിയിടുന്നത് ഒഴിവാക്കുന്നതിനും, പരിസ്ഥിതി പ്രശ്‌നങ്ങൾ തടയുന്നതിനും വേണ്ടി ഓരോ വാഹനത്തിന്റെയും കേസിന്റെ അവസ്ഥ അനുസരിച്ച്, കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ആർ.സി ഉടമസ്ഥർക്കു വിട്ടുനൽകിയും, ലേല നടപടികൾ സ്വീകരിച്ചും വരികയാണെന്നും മുഖ്യമന്ത്രി നിയമസഭ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
അവകാശികൾ ഇല്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ തരം തിരിച്ചു കണ്ടെത്തി, വാഹനങ്ങൾ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ എല്ലാ പോലീസ് ജില്ലകളിലും എം.എസ്.ടി.സി പ്ലാറ്റ് ഫോം മുഖാന്തരം ഓൺലൈൻ ലേലം നടത്തി ലഭ്യമാകുന്ന തുക, സർക്കാർ ഖജനാവിലേക്കു മുതൽക്കൂട്ടി വരുന്നുണ്ടെന്നും സണ്ണി ജോസഫ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത്, പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ എണ്ണം ഇങ്ങനെ.. .
- തിരുവനന്തപുരം സിറ്റി: 234
- തിരുവനന്തപുരം റൂറൽ: 1747
- കൊല്ലം സിറ്റി: 1138
- കൊല്ലം റൂറൽ: 938
- പത്തനംതിട്ട: 533
- ആലപ്പുഴ: 1301
- കോട്ടയം: 1418
- ഇടുക്കി: 893
- എറണാകുളം സിറ്റി: 813
- എറണാകുളം റൂറൽ: 1445
- തൃശ്ശൂർ സിറ്റി: 2223
- തൃശ്ശൂർ റൂറൽ: 2728
- പാലക്കാട്: 3189
- മലപ്പുറം: 2131
- കോഴിക്കോട് സിറ്റി: 1282
- കോഴിക്കോട് റൂറൽ: 673
- വയനാട്: 402
- കണ്ണൂർ സിറ്റി: 609
- കണ്ണൂർ റൂറൽ: 782
- കാസർഗോഡ്: 1709
- റെയിൽവേസ്: 7
- ആകെ: 26195