
ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലേക്ക് ഇന്ത്യ എത്തിയത് കളിച്ച നാലിലും അനായാസ വിജയം നേടിയായിരുന്നു. അതിൽ മൂന്നും വിജയലക്ഷ്യം ചേസ് ചെയ്ത് നേടിയതും. പ്രകടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പല വള്ളപ്പാട് മുന്നിലെങ്കിലും ഇന്ത്യയുടെ വഴിമുടക്കുന്നതിൽ പ്രത്യേക കഴിവുള്ള ഒരു ടീമാണ് ന്യൂസീലാന്റ് ടീം.
ചാമ്പ്യൻസ് ട്രോഫിയുടെ മുൻഗാമിയായ ഐസിസി നോക്കൗട്ട് ട്രോഫിയിൽ 25 വർഷം മുമ്പ് ഇന്ത്യയെ തോൽപിച്ചാണ് ന്യൂസിലാന്റ് ജേതാക്കളായത്. പിന്നീട് 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലും 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ന്യൂസീലാന്‌റ് ഇന്ത്യയെ കീഴടക്കി.
ഇത്തവണ ഗ്രൂപ്പ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ 44 റൺസിന് ഇന്ത്യ ജയിച്ചെങ്കിലും ബോളിംഗിലും ബാറ്റിംഗിലും ഫീൽഡിംഗിലും കിവികളെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പ് നൽകുന്നതായിരുന്നു അവരുടെ പ്രകടനം. അതിനുള്ള കാരണങ്ങൾ പ്രധാനമായും നാലാണ്.
സ്പിന്നർമാരാണ് മെയിൻ പവർ
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സ്വഭാവം മനസ്സിലാക്കിയുള്ള ടീം സെലക്ഷനോടെയായിരുന്നു ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി അംഗത്തിനിറങ്ങിയത്. അതുപോലെ തന്നെ ശക്തമായ സ്പിൻ ബൗളർമാരുടെ നിരയാണ് ന്യൂസീലാന്റിനുമുള്ളത്.

ഇന്ത്യ ആറ് ബോളർമാരുമായി ടൂർണമെന്റിലിറങ്ങിയപ്പോൾ കിവീസിന് ഏഴ് ബോളിങ് ഓപ്ഷനുണ്ട്. അതിൽ നാലുപേർ സ്പിന്നർമാരാണ്. മൈക്കൽ ബ്രേസ്‌വെലും ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറുമാണ് സ്പിൻ ആക്രമണത്തിന്റെ കുന്തമുന.
കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് ഇവർ ചേർന്ന് നേടിയത് 13 വിക്കറ്റ്. സ്റ്റംപിന് നേരെ പന്തെറിഞ്ഞ് ബാറ്റർമാരെ വെള്ളംകുടിപ്പിക്കുന്ന ഇടംകൈ സ്പിന്നർ സാന്റ്‌നറായിരുന്നു ദക്ഷിണാഫ്രിക്കക്ക് എതിരെ ന്യൂസീലാന്റിന്റെ വിജയശിൽപി. മാത്സരത്തിൽ സാന്റ്‌നറുടെ 84 ശതമാനം പന്തുകളും വിക്കറ്റിന് നേർക്കായിരുന്നു.
ദുബായ് സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടന്ന പിച്ചാണ് ഫൈനൽ മത്സരത്തിനുമെന്നാണ് കരുതുന്നത്. ഇരുടീമിലെയും സ്പിൻ ബോളർമാർ കരുത്തുകാട്ടിയ പിച്ചായിരുന്നു അത്.
പേസർമാരിലുള്ള ആത്മവിശ്വാസം
ഗ്രൂപ്പ് മത്സരത്തിൽ പവർപ്ലേയിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ വെറും 37 റൺസിന് തളച്ചിട്ട കിവീസ് പേസർമാരെയാണ് ഫൈനലിലും ഇന്ത്യക്ക് നേരിടാനുള്ളത്. സെമിഫൈനലിൽ ഫീൽഡിംഗിനിടെ തോളിന് പരിക്കേറ്റ പേസർ മാറ്റ് ഹെന്റി ഫിറ്റ്‌നസ് വീണ്ടെടുത്ത് ഫൈനലിന് ഇറങ്ങുകയാണെങ്കിൽ അത് ന്യൂസീലാന്റിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

ആറടി രണ്ട് ഇഞ്ച് ഉയരക്കാരനായ ഹെന്റിയുടെ പേസിനും ബൗൺസിനും മുന്നിൽ ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ അഞ്ച് ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തി. 4 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയ ഹെന്റി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കരിൽ ഒന്നാമതുണ്ട്. ഡെത്ത് ഓവറിലും ഹെന്റി മികച്ച ഫോമിലാണ്. 2023 ഏകദിന ലോകകപ്പിന് ശേഷം ഡെത്ത് ഓവറിൽ മാത്രം (41-50 ഓവർ) 24 വിക്കറ്റ് വീഴ്ത്തിയ താരം ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്താണ്. ദുബായ് സ്റ്റേഡിയം സ്പിന്നർമാരുടെ പറുദീസയാണെന്ന ധാരണ തിരുത്തിയത് മാറ്റ് ഹെന്റിയാണ്.
ബാറ്റിംഗ് കരുത്ത്
സെമി ഫൈനലിൽ ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ കുറിച്ചതിന്റെ തിളക്കത്തിലാണ് ന്യൂസിലാന്റ് ബാറ്റർമാർ ഫൈനലിന് ഒരുങ്ങുന്നത്. ഓപ്പണർമാരായ വിൽയങ്, രചിൻ രവീന്ദ്ര, വൺഡൗൺ ബാറ്റർ കെയ്ൻ വില്യംസൺ, അഞ്ചാമനായെത്തുന്ന ടോം ലാതം എന്നിവർ ടൂർണമെന്റിൽ സെഞ്ച്വറി നേടിക്കഴിഞ്ഞു.

ഐസിസി ഏകദിന ടൂർണമെന്റുകളിൽ നിന്ന് മാത്രം അഞ്ച് സെഞ്ച്വറികൾ നേടിയ രചൻ രവീന്ദ്രയുടെ ബാറ്റിംഗ് മികവും ഇന്ത്യക്ക് കരുതിയിരിക്കേണ്ടതാണ്. സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡുള്ള ബാറ്റർമാരാണ് ന്യൂസീലാന്റിനുള്ളത്. ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ 81 റൺസ് നേടി ടീമിന്റെ ടോപ് സ്‌കോററായ കെയ്ൻ വില്യംസൺ തന്നെയായിരിക്കും മുന്നിൽ നിൽക്കുക. ഏകദിനത്തിൽ 47 റൺസ് ശരാശരിയിൽ 2952 റൺസാണ് വില്യംസൺ നേടിയിട്ടുള്ളത്.
ഫീൽഡിങിലെ വജ്രായുധം
ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ വിരാട് കോലിയെ പോയിന്റിൽ പറക്കും ക്യാച്ചിലൂടെ പുറത്താക്കിയ ഗ്ലെൻ ഫിലിപ്‌സാണ് ഫീൽഡിംഗിൽ ന്യൂസീലാന്റിന്റെ വജ്രായുധം. പാക്‌സ്താനെതിരെയുള്ള മത്സരത്തിൽ മുഹമ്മദ് റിസ്വാനെ ഗ്ലെൻ പുറത്താക്കിയതും സമാനമായ ഒരു ക്യാച്ചിലൂടെയായിരുന്നു. 34-ാം വയസ്സിലും സർക്കിളിനുള്ളിൽ പറന്ന് നിൽക്കുന്ന കെയ്ൻ വില്യംസണും ടൂർണമെന്റിൽ മികച്ച ക്യാച്ചുകളിലൂടെ കളംനിറഞ്ഞു. ടൂർണമെന്റിൽ ഏറ്റവും മികച്ച ഫീൽഡിംഗ് എഫിഷ്യൻസിയുള്ള ടീമാണ് ന്യൂസീലാന്റ്. ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ മാത്രം 30ലേറെ റൺസുകൾ ന്യൂസീലാന്റ് ടീം മികച്ച ഫീൽഡിംഗിലൂടെ സേവ് ചെയ്‌തെന്നാണ് കണക്ക്.