
വരുമാനം അനുസരിച്ച് സെസും ഫീസും; ജീവനക്കാരുടേയും പെൻഷൻ കാരുടേയും ശമ്പളത്തിലും പെൻഷനിലും കണ്ണ് വച്ച് മുഖ്യമന്ത്രി
ജീവനക്കാരുടേയും അധ്യാപകരുടയും പെൻഷൻകാരുടേയും ശമ്പളത്തിലും പെൻഷനിലും കണ്ണ് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വരുമാനത്തിനനുസരിച്ച് പ്രത്യേക വിഭാഗങ്ങളാക്കി ഫീസ് ഈടാക്കാൻ ആണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ രേഖയിൽ ഉള്ളത് . അടിത്തട്ടിൽ ഉള്ളവർക്ക് മാത്രം സൗജന്യങ്ങൾ നൽകി ശേഷിയുള്ളവരിൽ നിന്ന് ഫീസ് ഈടാക്കാനാണ് നിർദ്ദേശം.
വരുമാന വർദ്ധനവിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ തരംതിരിച്ച് ഫീസ് ഈടാക്കണമെന്നും സെസ് ഈടാക്കണമെന്നുമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിലെ ഉള്ളടക്കം. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഇളവ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആദായ നികുതി അടക്കുന്ന ജീവനക്കാരും അധ്യാപകരും പെൻഷൻകാരും ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്ന് 75 ശതമാനം പേരും നികുതി വലക്ക് പുറത്തായി. നികുതി വലയിൽ നിന്ന് പുറത്തായ ഇവരെയാണ് സർക്കാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
സമ്പത്തിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഉടോപ്യൻ സങ്കൽപ്പം ആണ് പിണറായിയുടെ നയരേഖ. സെസ് രാജ് ആയിരിക്കും ഈ നയരേഖ നടപ്പാക്കിയാൽ സംസ്ഥാനത്ത് ഉണ്ടാകുക.
പ്രളയാനന്തര കേരളത്തിനായി പ്രളയ സെസ് ഏർപ്പെടുത്തിയിരുന്നു. 1200 കോടി ലക്ഷ്യമിട്ട പ്രളയ സെസ് സർക്കാരിന് ലോട്ടറിയായി. 2400 കോടിയാണ് പ്രളയ സെസ് ഇനത്തിൽ ഖജനാവിൽ എത്തിയത്. ലക്ഷ്യമിട്ടതിൻ്റെ ഇരട്ടി.
സേവനങ്ങൾക്ക് വരുമാനം നോക്കി സെസും ഫീസും ഏർപ്പെടുത്താനുള്ള പിണറായിയുടെ നീക്കത്തെ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പിന്തുണച്ചതോടെ കാര്യങ്ങൾ ശരവേഗത്തിലാകും. ഇക്കാര്യത്തിലുള്ള എൽ. ഡി.എഫ് യോഗം ഒക്കെ പതിവ് ശൈലിയിൽ പിരിയും. ബി.പി. എല്ലുകാരെ ഒഴിച്ച് മറ്റ് എല്ലാ വിഭാഗങ്ങളേയും സർക്കാർ ലക്ഷ്യമിടും.
1 ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ ആണ് ജീവനക്കാരുടേയും അധ്യാപകരുടേയും പെൻഷൻകാരുടേയും സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. അതിനോടൊപ്പം വരുമാനം അനുസരിച്ച് സേവനങ്ങൾക്ക് ഫീസും സെസും ഏർപ്പെടുത്താനുള്ള നീക്കം ജീവനക്കാരേയും അധ്യാപകരേയും പെൻഷൻകാരേയും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.