
GST വകുപ്പിൽ പവർ ഗ്രൂപ്പ് പിടിമുറുക്കുന്നു; പൊതുസ്ഥലം മാറ്റം അട്ടിമറിക്കാൻ ശ്രമം
തിരുവനന്തപുരം: GST വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റം പൊതുഭരണ വകുപ്പിൻ്റെ 2017 ലെ ഉത്തരവിന് വിധേയമായി സ്പാർക്ക് അധിഷ്ഠിത ഓൺലൈനിലൂടെ ഈ മാർച്ച് 31 നകം നടപ്പിലാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് അട്ടിമറിക്കുവാൻ നീക്കം.
വകുപ്പിലെ തോന്നും പടി സ്ഥലം മാറ്റങ്ങൾക്ക് എതിരെ ഒരു വിഭാഗം ജീവനക്കാർ കോടതിയെ സമീപിച്ചതോടെ വകുപ്പിൽ അനാവശ്യമായ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയുള്ള സ്ഥലം മാറ്റങ്ങൾക്ക് കുറവ് വന്നിരുന്നു. ഓൺലൈനിലൂടെ ജീവനക്കാരുടെ സ്ഥലം മാറ്റ നടപടികൾ പൂർത്തീകരിക്കുവാൻ കോടതി നൽകിയ സമയപരിധി ഈ വരുന്ന 31 ന് അവസാനിക്കും.
എന്നാല്‍ പൊതു സ്ഥലം മാറ്റ ഉത്തരവിന്റെ അന്തഃസത്ത തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ വകുപ്പിന് മാത്രമായി ഒരു പ്രത്യേക ട്രാൻസ്ഫർ പോളിസി വേണമെന്ന് കേന്ദ്രത്തിൽ നിന്ന് ഡെപ്യുട്ടേഷനിൽ വന്ന IRS ഉദ്യോഗസ്ഥന്റെ നിർബന്ധത്തിന് വഴങ്ങി കേന്ദ്ര GST കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇറക്കിയിട്ടുള്ള ട്രാൻസ്ഫർ പോളിസി അതേപടി കേരളത്തിലെ GST ജീവനക്കാർക്ക് ബാധമാകുന്ന തരത്തിൽ പകർത്തി എഴുതി ഒരു കരട് ട്രാൻസ്ഫർ പോളിസി വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിച്ചിരിക്കുന്നതിനെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും തമ്മിൽ അജഗജാന്തര വ്യത്യാസങ്ങൾ ഉണ്ടെന്നിരിക്കെ ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയ ട്രാൻസ്ഫർ പോളിസി സ്വജനപക്ഷപാതം പ്രോൽസാഹിപ്പിക്കുന്നതും തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ജീവനക്കാരെ അകാരണമായി വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റാൻ അധികാരം നൽകുന്ന ഒന്നാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ജീവനക്കാരെ രണ്ട് വിഭാഗങ്ങളായി തിരിക്കുവാനുള്ള നിർദ്ദേശങ്ങൾ നിയമവിരുദ്ധവും സർക്കാരിൻ്റെ പൊതുസ്ഥലം മാറ്റനയത്തിന്റെ ലംഘനവുമാണ്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികവ് കണ്ടെത്തുന്നത് ഭരണാനുകൂല സംഘടനകളുടെ പ്രതിനിധികൾ ചേർന്നാണ് എന്നത് തന്നെ ഇതിന്റെ ഉദ്ദേശ ശുദ്ധി വെളിവാക്കുന്നതാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
സംസ്ഥാന പോലീസിൽ വിവിധ സെൻസിറ്റീസ് തസ്തികയിൽ നിയമനം നൽകുവാൻ ഉള്ള മാനദണ്ഡങ്ങളേക്കാൾ പ്രാധാന്യമാണ് GST കുപ്പിലെ ഇന്റലിജൻസ് എൻഫോഴ്സ്മെന്റിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുവാൻ നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രധാനമായും തങ്ങളുടെ ആജ്ഞാനവർത്തികളെ മാത്രം ഈ വിഭാഗത്തിൽ കുത്തി നിറക്കാനുള്ള ശ്രമമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി GST ഇൻ്റലിജൻസ് വിഭാഗം നടത്തിയ റെയിഡുകൾ വലിയ വാർത്താ പ്രാധാന്യം നൽകി PR വർക്കുകൾ നടത്തിയിരുന്നെങ്കിലും വാർത്തകൾക്കപ്പുറം സർക്കാർ ഖജനാവിലേക്ക് നികുതി വന്നില്ല ഇതെല്ലാം ചിലരുടെ കീശയിലേക്കാണ് പോയതെന്ന് ജീവനക്കാരില്‍ തന്നെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.