CinemaKeralaNews

അച്ചടക്ക ലംഘനം : സാന്ദ്ര തോമസിനെ നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കി

നിർമാതാക്കളുടെ സംഘടനയിൽ നിന്നും നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സംഘടനയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ താഴ്ത്തിക്കെട്ടിയെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ കത്തിൽ പറയുന്നത്.

സാന്ദ്രയ്ക്കെതിരെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസാണെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഒരാഴ്ച മുമ്പ് ചേർന്ന സംഘടനയുടെ എക്സിക്യൂട്ടിവ് യോഗത്തിൽ സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. എന്നാൽ ഇത് മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. സംഘടന നേതൃത്വത്തിലുള്ളവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണെന്ന വിമര്‍ശനമായിരുന്നു സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മ്മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവര്‍ക്കച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്.

സംഘടന ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മൗനം പാലിച്ചു എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകളും സാന്ദ്ര ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നേതൃത്വത്തിനു കത്ത് നല്‍കിയത്. സാന്ദ്ര ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഇടപെട്ട് യോഗവും വിളിച്ചിരുന്നു. ഈ യോഗം പ്രഹസനമായിരുന്നെന്നും സംഘടനയുടെ സമീപനം വനിതാ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര കുറ്റപ്പെടുത്തിയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *