CricketSports

‘സെമിഭൂതം’ വേട്ടയാടുന്ന പ്രോട്ടിയൻസ്: ദക്ഷിണാഫ്രിക്കക്ക് ഇത് ഒൻപതാം തോൽവി

  • രഞ്ജിത്ത്. ടി. ബി

ഐസിസി ഏകദിന ടൂർണ്ണമെന്റുകളിൽ സ്ഥിരമായി സെമി ഫൈനലിൽ തോൽക്കുക എന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലേക്ക് ഒരു മൽസരം കൂടി. ചാമ്പ്യൻസ് ട്രോഫി 2025 സെമി ഫൈനലിൽ ന്യൂസിലാന്റിനോട് 50 റൺസുകൾക്ക് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്തായി.

ഇതുവരെ ഐസിസി ഏകദിന ടൂർണ്ണമെന്റുകളിൽ 11 തവണ സെമിയിൽ മൽസരിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനായത് ഒരു മൽസരത്തിൽ മാത്രം.

1998 ൽ ശ്രീലങ്കക്കെതിരെയുള്ള സെമിയിൽ മാത്രമാണ് വിജയം നേടാനായത് ആ ടൂർണ്ണമെൻറിൽ നേടിയതു മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ഏക ഐസിസി ടൈറ്റിൽ. 1999 ലെ ലോകകപ്പ് സെമിയിൽ ഓസ്‌ട്രോലിയക്കെക്കതിരെ മൽസരം ടൈ ആയെങ്കിലും ഗ്രൂപ്പു റൗണ്ടിൽ അവർക്കെതിരെ പരാജയപ്പെട്ടിരുന്നത് കാരണം ഫൈനൽ പ്രവേശനം സാധ്യമായില്ല. ഹാൻസ്യ ക്രോണ്യേ നയിച്ച ടീമിൽ ലാൻസ് ക്ലൂസ്‌നർ ടൂർണ്ണമെന്റിൽ ഉടനീളം നടത്തിയ ഓൾറൗണ്ട് പ്രകടനം ഇന്നും ആരാധകർ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.

വിജയിക്കാനുള്ള അവസരമുണ്ടായിരുന്ന ഈ മത്സരത്തിൽ റണ്ണൗട്ടിലൂടെ സമനിലയായപ്പോൾ കണ്ണീരണിഞ്ഞു കൊണ്ട് ക്രീസ് വിടുന്ന അലൻ ഡോണൾഡിന്റെയും ക്ലൂസ്‌നറുടെയും മുഖങ്ങൾ ക്രിക്കറ്റ് ലോകം ഇപ്പോഴും സ്മരിക്കുന്നുണ്ട്.

1992, 2007, 2015, 2023 എന്നി വർഷങ്ങളിൽ നടന്ന ഏകദിന ലോകപ്പ് സെമി ഫൈനലുകൾ, 2000, 2002, 2006, 2013, 2025 വർഷങ്ങളിൽ നടന്ന ചാമ്പ്യൻസ് ട്രോഫി സെമി മൽസരങ്ങൾ എന്നിവയിലും പരാജയമായിരുന്നു ഫലം കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ മൽസരിച്ചെങ്കിലും ഇന്ത്യയുടെ മികച്ച പ്രകടനത്തിലൂടെ പരാജയം നേരിടുകയായിരുന്നു.