
എസ്.ഡി.പി.ഐ നിരോധിക്കാൻ കേന്ദ്ര നീക്കം! നിയന്ത്രണം ഇപ്പോഴും പോപ്പുലർ ഫ്രണ്ടിനെന്ന് ഇ.ഡി.
രാജ്യത്ത് എസ്.ഡി.പി.ഐയുടെ എല്ലാ സംസ്ഥാന ഓഫീസുകളിലും ഒരേസമയം പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് തന്നെയാണ് അവരുടെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയെ നിയന്ത്രിക്കുന്നതെന്ന കണ്ടെത്തലിന് പിന്നാലെയാണ് രാജ്യവ്യാപക റെയ്ഡ് നടത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടുമായി നിലനിൽക്കുന്ന ബന്ധത്തെക്കുറിച്ച് വ്യക്തമായാൽ എസ്.ഡി.പി.ഐയെയും നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തേക്കും.
അതേസമയം, എസ്.ഡി.പി.ഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡിൽ തിരുവനന്തപുരത്തും മലപ്പുറത്തും പ്രതിഷേധം ഉയർന്നു. റെയ്ഡ് നടക്കുന്ന ഓഫീസുകൾക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ മലപ്പുറം ഓഫീസിലെ റെയ്ഡ് പൂർത്തിയാക്കി ഇഡി മടങ്ങി. ഹാർഡ് ഡിസ്‌ക്, ഓഫീസ് മൊബൈൽ ഫോൺ, രസീത് ബുക്കുകൾ, ലഘുലേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. റെയ്ഡിന് കാരണം പാർട്ടിയുടെ രാജ്യവ്യാപക വഖഫ് പ്രതിഷേധമെന്ന് എസ്ഡിപിഐ നേതാക്കൾ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പുറമേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തിൽ പരിശോധനകൾ നടത്തും. എസ്.ഡി.പി.ഐയ്ക്ക് ഫണ്ട് നൽകുന്നതും നയങ്ങൾ രൂപീകരിക്കുന്നതും പോപ്പുലർ ഫ്രണ്ട് തന്നെയാണെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഘടനയുടെയും പ്രവർത്തകരും ഒന്നു തന്നെയാണെന്നും ഇ.ഡി. പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽവച്ച് ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇ.ഡി. ഉദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രണ്ട് സംഘടനകളും ഒന്നാണെന്നു പറഞ്ഞത്. 2018 മുതൽ എം.കെ. ഫൈസി എസ്.ഡി.പി.ഐയുടെ ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചുവരികയാണ്.
‘ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ രൂപീകരിച്ചത്. എസ്.ഡി.പി.ഐയുടെ സാമ്പത്തിക അക്കൗണ്ടുകൾ കൈകാര്യം ചെയ്തത് പോപ്പുലർ ഫ്രണ്ടാണ്. എസ്.ഡി.പി.ഐക്കു വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചു നൽകി. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 കോടി രൂപ നൽകിയതിന്‌റെ രേഖകളും ലഭിച്ചു.’-ഇ.ഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് കണ്ടെത്തിയതിന്‌റെ അടിസ്ഥാനത്തിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ) 2022 സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷത്തേക്ക് നിരോധിച്ചത്.
പല അക്കൗണ്ടുകളിലൂടെ പി.എഫ്.ഐയിൽ നിന്ന് 4.07 കോടി രൂപ എസ്.ഡി.പി.ഐയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. ഇതേപ്പറ്റിയുള്ള ചോദ്യംചെയ്യലിന് വേണ്ടി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പന്ത്രണ്ടു തവണ നോട്ടീസ് നൽകിയിട്ടും എം.കെ. ഫൈസി ഹാജരായിരുന്നില്ല.