
- രഞ്ജിത്ത്. ടി. ബി
ഐസിസി ടൂർണ്ണമെന്റുകളില്‍ അഞ്ചാമത്തെ സെഞ്ച്വറിയും കുറിച്ച് ന്യൂസിലാന്റ് താരം രചിൻ രവീന്ദ്ര. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി തികച്ച രചിൻ 101 പന്തുകളിൽ നിന്നും 108 റൺസുകളുമായി പ്ലേയർ ഓഫ് ദ മാച്ച് പുരസ്കാരവും നേടി.
ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെയും സെഞ്ച്വറി നേടിയിരുന്ന താരം ചാമ്പ്യൻസ് ട്രോഫിയുടെ ഒരു പതിപ്പിൽ ഒന്നിലേറെ സെഞ്ച്വറികൾ നേടുന്ന എട്ടാമത്തെ ബാറ്ററായി . 2006 ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നു സെഞ്ച്വറികൾ തികച്ച വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ ആണ് പട്ടികയിൽ ഒന്നാമൻ. ചാമ്പ്യൻസ് ട്രോഫിയിൽ ഒന്നിലധികം സെഞ്ച്വറികൾ നേടുന്ന ആദ്യ ന്യൂസിലാൻ്റ് താരവും കൂടിയാണ് രചിൻ രവീന്ദ്ര.
2023 ൽ ഇന്ത്യയിൽ വച്ചു നടന്ന ഏകദിന ലോകകപ്പിൽ മൂന്നു സെഞ്ച്വറിികൾ നേടിയ രചിൻ രവീന്ദ്ര ന്യൂസിലൻ്റിനു വേണ്ടി ഐ സി സി ടൂർണ്ണമെൻ്റുകളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരവുമായി. 24 കാരനായ ഈ താരം നേടിയ എല്ലാ സെഞ്ച്വറികളും ഐ സി സി ടൂർണ്ണമെൻ്റുകളിൽ തന്നെയായിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിര ലാഹോറിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ 362 റൺസുകളുടെ മികച്ച ടോട്ടൽ നേടാൻ ന്യൂസിലാൻ്റിനെ സഹായിച്ച ഇന്നിംഗ്സുകളിൽ ഒന്നായിരുന്നു രചിൻ രവീന്ദ്രയുടെ സെഞ്ച്വറി.
ഈ മൽസരത്തിൽ കെയ്ൻ വില്യംസണും സെഞ്ച്വറി നേടിയിരുന്നു. മത്സരം 50 റൺസുകൾക്ക് വിജയിച്ച ന്യൂസിലാന്റ് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഇന്ത്യക്കെതിരെ മത്സരിക്കുമ്പോൾ വെല്ലുവിളി ഉയർത്തുന്ന താരങ്ങളിൽ പ്രധാനിയാകും രചിൻ രവീന്ദ്ര.