CricketSports

പന്തിൽ ഉമിനീർ പ്രയോഗം: ഷമിക്ക് പിന്തുണയുമായി സൗത്തിയും ഫിലാൻഡറും

  • രഞ്ജിത്ത്. ടി.ബി

റിവേഴ്‌സ് സ്വിംഗ് ബോളുകൾ എറിയുന്നതിനു വേണ്ടി പന്ത് മിനുസപ്പെടുത്താൻ, ഉമിനീർ ഉപയോഗിക്കുന്നതിനുള്ള വിലക്ക് പിൻവലിക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി.

കോവിഡ് മഹാമാരിയുടെ കാലത്താണ് പന്ത് പോളിഷ് ചെയ്യാൻ ഉമിനീർ ഉപയോഗിക്കുന്നതിനെ ഐസിസി ആദ്യമായി വിലക്കേർപ്പെടുത്തിയത്. 2020 മെയ് മാസത്തിൽ താൽക്കാലിക നടപടിയായിട്ടാണ് ഈ വിലക്ക് കൊണ്ടു വന്നതെങ്കിലും 2022 സെപ്റ്റംബറിൽ ഇത് സ്ഥിരമായി വിലക്കുകയായിരുന്നു.

മുഹമ്മദ് ഷമിയുടെ ഈ ആവശ്യത്തിന് പിന്തുണയുമായി മുൻ അന്താരാഷ്ട്ര ബോളർമാരായ വെർനോൺ ഫി ലാൻഡറും, ടിം സൗത്തിയും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ബാറ്റിംഗ് അനുകൂലമായ പ്രതലങ്ങളിൽ പ്രത്യേകിച്ചും റിവേഴ്‌സ് സ്വിംഗുകൾ ഇപ്പോഴില്ലെന്ന്ാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

‘ലോകമെമ്പാടും കോവിഡ് വൈറസ് പടർന്നിരുന്ന സാഹചര്യത്തിൽ കൊണ്ടുവന്ന ഒരു നിയമമായിരുന്നു അത്, പക്ഷേ ഒരു ബൗളർ എന്ന നിലയിൽ ഇതിൽ മാറ്റം വേണമെന്ന് ഞാൻ കരുതുന്നു. കളി അതിന്റെ വഴിക്ക് പോകുന്നു വെന്നും ഈ ഫോർമാറ്റിൽ ടീമുകൾ പലപ്പോഴും 300 റൺസിൽ കൂടുതൽ നേടുന്നതും കാണുന്നുണ്ട്.

ബൗളർമാർക്ക് അനുകൂലമായി എന്തെങ്കിലും വേണമെന്ന് ഞാൻ കരുതുന്നു. അവർക്ക് അത് തിരികെ നൽകാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല’ ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയുടെ മാച്ച് ഡേ പരിപാടിയിൽ ടിം സൗത്തീ അഭിപ്രായപ്പെട്ടു.

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ന്യൂസിലാന്‌റിനെതിരായ മൽസരത്തിൽ പ്രത്യേകിച്ച് ഇന്നിംഗ്‌സിന്റെ അവസാന പകുതിയിൽ ഉമിനീർ ഉപയോഗം റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നതിന് ദക്ഷിണാഫ്രിക്കയെ സഹായിക്കുമായിരുന്നു എന്ന് താൻ മനസ്സിലാക്കുന്നതായാണ് ഫിലാൻഡർ അഭിപ്രായപ്പെട്ടത്.

‘ഞങ്ങൾ റിവേഴ്സ് സ്വിംഗ് ചെയ്യാൻ ശ്രമിക്കുന്നു പക്ഷേ പന്തിൽ ഉമിനീർ ഉപയോഗിക്കാൻ അനുവാദമില്ല, കളിയിൽ റിവേഴസ് സ്വിംഗ് കൊണ്ടുവരാൻ ഞങ്ങൾക്ക് ഉമിനീർ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിരന്തരം അഭ്യർക്കുന്നു എന്നാണ് ഓസ്‌ട്രേലിയയുമായുള്ള സെമി ഫൈനലിനു ശേഷം ഷമി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.