
മാർച്ച് 9 നു ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കുള്ള ഓൺലൈൻ ടിക്കറ്റുകളെല്ലാം വിറ്റു തീർന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30 നു നടക്കുന്ന മത്സരം ഇന്ത്യയും ന്യൂസിലാന്‌റും തമ്മിലാണ്.
ഉയർന്ന ആവശ്യകത കാരണം ഓൺലൈനിൽ ടിക്കറ്റു വില പലമടങ്ങ് വർധിപ്പിച്ചാണ് വിറ്റു പോയത്. കൂടുതൽ പണം നൽകിയാലും ടിക്കറ്റ് ലഭിക്കുന്നില്ല എന്നതാണ് ആരാധകരെ ഇപ്പോൾ നിരാശരാക്കുന്നത്. സ്റ്റേഡിയത്തിൽ നേരിട്ട് ടിക്കറ്റ് വാങ്ങാൻ അവസരമുണ്ടെന്ന് ഐസിസി അറിയിച്ചിട്ടുണ്ടെങ്കിലും എത്രത്തോളമായിരിക്കും ലഭ്യത എന്ന കാര്യത്തിൽ ആശങ്കയിലാണ് ആരാധകർ.
ഐസിസി ടൂർണ്ണമെന്റുകളിലെ ഫേവറിറ്റുകളായ ഇന്ത്യ ഫൈനലിൽ മൽസരിക്കുന്നതിനാൽ സ്റ്റേഡിയം ഹൗസ് ഫുൾ ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഇരുപതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം.
ഗ്രൂപ്പുറൗണ്ടിലെ അവസാന മൽസത്തിൽ ഇരു ടീമുകളും ഇവിടെ മൽസരിച്ചപ്പോൾ വിജയം ഇന്ത്യക്കായിരുന്നു.
ഓസ്‌ട്രേലിയയെ തോൽപിച്ച് ഇന്ത്യ ഫൈനലിൽ എത്തിയതിനാലാണ് ദുബായ്ക്ക് വേദിയാകാനുള്ള അവസരം ലഭിച്ചത്. വൻ തുക മുടക്കി സ്റ്റേഡിയ നവീകരണം ഉൾപ്പെടെ നടത്തിയ പാകിസ്താന് ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമായി മാറി. പാകിസ്താൻ ടീം ഗ്രൂപ്പ് റൗണ്ടിൽ ത്തന്നെ പുറത്തായത് ആരാധകരിൽ നിരാശയും ഉണ്ടാക്കി.