
- രഞ്ജിത്ത് ടി. ബി.
ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്‌റ് 2025 ന്‌റെ ക്ലൈമാക്‌സിലേക്കെത്തുമ്പോൾ ഓരോ ടീമുകൾക്കും ലഭിക്കുന്ന സമ്മാനത്തുകകൾ പരിശോധിക്കാം. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും മിനിമം 1,25,000 ഡോളർ വീതം ഉറപ്പാണ്.
എട്ടു ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ സമ്മാനത്തുക ആകെ 6.9 മില്ല്യൺ ഡോളറാണ് (ഏകദേശം 61 കോടി ഇന്ത്യൻ രൂപ). ചാമ്പ്യൻസ് ടോഫി വിജയികൾക്ക് കിരീടത്തോടൊപ്പം 2.24 മില്യൺ യു.എസ് ഡോളറാണ് ലഭിക്കുക . ഇന്ത്യൻ കറൻസിയിൽ കണക്കു പ്രകാരം ഏകദേശം 20 കോടി രൂപ വരും.
രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ഇതിന്റെ പകുതിയാണ് ലഭിക്കുക, അതായത് 1.12 മില്യൺ യു എസ് ഡോളർ (10 കോടിയോളം ഇന്ത്യൻ രൂപ )
സെമി ഫൈനലിൽ പുറത്താകുന്ന രണ്ട് ടീമുകൾക്കും 5,60,000 യുഎസ് ഡോളർ വീതം ലഭിക്കും. അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും ഫിനിഷ് ചെയ്യുന്ന ടീമുകൾക്കു ലഭിക്കുന്നത് 350,000 ഡോളർ വീതം. ലിസ്റ്റിലെ അവസാനത്തെ 2 ടീമുകൾക്ക് (ഏഴ്, എട്ട് സ്ഥാനങ്ങളിൽ) 1,40,000 ഡോളർ വീതവും ലഭിയ്ക്കും.
2017 നു ശേഷം നടക്കുന്ന പുരുഷ ചാമ്പ്യൻസ് ട്രോഫി മൽസരത്തിൽ അവസാന പതിപ്പിനേക്കാൾ 53% കൂടുതൽ പ്രതിഫലമാണ് ഐസിസി നിശ്ചയിച്ചിട്ടുള്ളത്. മാർച്ച് 9 നു ദുബായിൽ വച്ചു നടക്കുന്ന മൽസരത്തിൽ 2025 ചാമ്പ്യൻസ് ട്രോഫി വിജയികളെ നിശ്ചയിക്കും. ഇന്ത്യയും ന്യൂസിലാന്റുമാണ് ആവേശ ഫൈനലിൽ ഏറ്റുമുട്ടുന്നത്.