NationalNews

ലണ്ടനിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണ ശ്രമം; കാറിന് നേരെ പാഞ്ഞടുത്തു (Video)

ലണ്ടന്‍: ലണ്ടനിൽ സന്ദർശനം നടത്തുന്ന വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് നേരെ ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധവും ആക്രമണ ശ്രമവും.

മന്ത്രിയുടെ വാഹനത്തിന് നേരെ ഖലിസ്ഥാന്‍ വാദികള്‍ പാഞ്ഞടുത്തു. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടയുകയായിരുന്നു. മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രി യാത്ര തുടർന്നു.

ലണ്ടൻ പൊലീസ് നോക്കിനിൽക്കെ, ജയ്ശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയ്ശങ്കർ കാറിൽ കയറാൻ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവരികയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അജ്ഞാതനായ ഒരാള്‍ എസ് ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.

കേന്ദ്രമന്ത്രിക്കു നേരെയുണ്ടായ ആക്രമണശ്രമത്തിൽ ഇന്ത്യ ആശങ്കയിലാണ്. ഖലിസ്ഥാൻവാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വിഡിയോ പുറത്തുവന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ലണ്ടൻ പൊലീസ് നിസ്സംഗരായി നിന്നെന്നു വിമർശനമുയർന്നു. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണു ജയശങ്കർ. യുകെയിൽനിന്നു അദ്ദേഹം അയർലൻഡിലേക്കു പോകും.