
ചാമ്പ്യൻസ് ട്രോഫി 2025ൽ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചതോടെ നഷ്ടബോധം പാകിസ്താന്. ഫൈനൽ മൽസരത്തിനു വേദിയാകാനുള്ള അവസരം നഷ്ടപ്പെട്ടു.
ഇതോടെ ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനൽ ചാസ്യൻസ് ട്രോഫി 2025 ൽ പാകിസ്താൻ വേദിയാകുന്ന അവസാന മൽസരമാകും. ടൂർണ്ണമെന്റിൽ പാകിസ്താൻ ടീമിനെ പുറത്താക്കാൻ കാരണമായ ഇന്ത്യൻ ടീം ഇന്നലത്തെ ഓസീസിനെതിരെയുള്ള വിജയത്തിലൂടെ ഫൈനലിനു വേദിയാകാനുള്ള പാകിസ്താന്‌റെ അവസരത്തിനും തടയിട്ടു.
മൂന്നു പതിറ്റാാണ്ടുകളോളം കാത്തിരുന്നതിനു ശേഷമാണ് പാകിസ്താന് ഒരു ഐസിസി ടൂർണ്ണമെന്റിനു വേദിയാകാനുള അവസരം ലഭിച്ചത്. ഈ അവസരത്തിലും ഇന്ത്യ നൽകിയ ഇരട്ട പ്രഹരങ്ങളായിരുന്നു മുകളിൽ ചൂണ്ടിക്കാട്ടിയവ.
ഇന്ത്യൻ മത്സരങ്ങൾക്ക് നിക്ഷ്പക്ഷ വേദി അനുവദിച്ച ഐസിസിയുടെ തീരുമാനമാണ് ദുബായ് വേദിയാക്കിയത്. ഫൈനലിൽ ഇന്ത്യ യോഗ്യത നേടിയതോടെ ഇന്ന് രണ്ടാം സെമിയിലെ വിജയിക്കുന്ന ടീം ഫൈനൽ മൽസരിക്കാൻ
ദുബായിലേക്ക് പോകേണ്ടി വരും.
ഇന്ത്യക്ക് എല്ലാ മൽസരങ്ങൾക്കും ഒരേ വേദിയാണെന്നും അത് കൂടുതൽ അനുകൂല സാഹചര്യങ്ങൾ നൽകുമെന്ന തരത്തിലുള്ള വിവാദങ്ങൾ മുൻ ഇംഗ്ലണ്ട് താരങ്ങളായ മൈക്കൾ അതേർട്ടൺ, നാസ്സർ ഹുസൈൻ എന്നിവർ ഉന്നയിച്ചപ്പോൾ അതിനെതിരെ മറുപടിയുമായി മുൻ ഇന്ത്യൻ താരം വസിം ജാഫർ നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവർ രംഗത്തെത്തിയിരുന്നു.
ഗ്രൂപ്പ് റൗണ്ടിൽത്തന്നെ പുറത്തായ പാകിസ്ഥാൻ ടീമിനെ പരിഹസിച്ചും വിമർശിച്ചും മുൻ പാക് താരങ്ങളായ വസീം അക്രം, ഷോയിബ് അക്തർ ഉൾപ്പടെയുള്ള താരങ്ങൾ മുൻനിരയിലെത്തിയത് പാക് ക്രിക്കറ്റ് ബോർഡിനെയും പ്രതിസന്ധിയിലാക്കി. ഇപ്പോൾ ഫൈനൽ വേദി കൂടി നഷ്ടപ്പെട്ടത് ആരാധക നിരാശയ്ക്കും സാമ്പത്തിക നഷ്ടങ്ങൾക്കും കൂടി കാരണമാകും.