
ക്ഷാമബത്ത, ക്ഷാമആശ്വാസം, ശമ്പള പരിഷ്കരണ കുടിശിക കൊടുക്കാൻ എത്ര കോടി വേണം? കണക്കാക്കിയിട്ടില്ലെന്ന് കെ.എൻ ബാലഗോപാൽ
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും കുടിശികയായ ക്ഷാമബത്ത, ക്ഷാമ ആശ്വാസ, ശമ്പള പരിഷ്കരണ കുടിശിക എന്നീ ഇനങ്ങളിൽ നൽകുവാനുള്ള തുക കൃത്യമായി കണക്കാക്കിയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ഈ ഇനത്തിലെ കുടിശിക എത്ര കോടി രൂപയാണ് എന്ന അബ്ദുൾ ഹമീദ് എം എൽ എ ചോദ്യത്തിനാണ് ബാലഗോപാലിന്റെ മറുപടി. ഇത് എപ്പോൾ നൽകുമെന്ന് ബാലഗോപാലിന് നിശ്ചയവും ഇല്ല. സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും എന്ന പതിവ് മറുപടിയാണ് ഇത്തവണയും ബാലഗോപാലിന്റേത്.

കേന്ദ്ര നയങ്ങൾ മൂലമാണ് ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങൾ മുടങ്ങിയത് എന്നാണ് ബാലഗോപാലിന്റെ ന്യായികരണം. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനസഹായത്തിൽ 1857.98 കോടിയും സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ 36.35 കോടിയും കേദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്നും ബാലഗോപാൽ മറുപടി നൽകി.
ബാലഗോപാലിൻ്റെ കണക്ക് പ്രകാരം 2000 കോടിയാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത്. ജീവനക്കാർക്കും പെൻഷൻകാർക്കും ബാലഗോപാൽ കുടിശികയാക്കിയത് 1 ലക്ഷം കോടിയാണ്.
കേന്ദ്ര നയം മൂലമാണ് ആനുകൂല്യങ്ങൾ മുടങ്ങിയതെന്ന ബാലഗോപാലിന്റെ ആരോപണം നട്ടാൽ കുരുക്കാത്ത നുണയാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.