KeralaNews

മയക്കുവെടി വെച്ച് പിടികൂടിയ കുട്ടി കാട്ടാന ചരിഞ്ഞു

കണ്ണൂർ കരിക്കോട്ടക്കരിയിൽ ജനവാസ കേന്ദ്രത്തില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു. രാത്രി 9 മണിയോടെയാണ് ആന ചരിഞ്ഞത്.

വായില്‍ ഗുരുതര പരിക്കേറ്റിരുന്ന ആനക്ക് പിടികൂടിയ ഉടനെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ആനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആറളം വളയഞ്ചാലിലെ ആർആർടി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു.

കീഴ് താടിയെല്ലിന് ​ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു കുട്ടിയാനയെ കണ്ടെത്തിയത്. ഡോ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ പിടികൂടി വിദ​ഗ്ധ ചികിത്സ നൽകാനായിരുന്നു വനംവകുപ്പിന്റെ ​തീരുമാനം. എന്നാൽ നേരത്തെ തന്നെ പിടികൂടിയാൽ തന്നെ കുട്ടിയാന അതിജീവിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ​ഗ്ദ ചികിത്സക്കായി വനയനാട്ടിലേക്ക് മാറ്റാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെയാണ് കുട്ടിയാന ചരിഞ്ഞത്.

അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനം വകുപ്പിന്റെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. റോഡിൽനിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിക്കുകയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തീവ്ര ശ്രമം നടത്തിയിരുന്നു. തുടർന്നാണ് മയക്കുവെടി വെച്ച് പിടികൂടിയിരുന്നത്.