
വീണ ജോർജ്ജിന്റെ ഭൂപടത്തിൽ സിക്കിം ഇല്ലേ? ആരോഗ്യമന്ത്രിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ ചൊല്ലി നിയമസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ പോര്. കേരളത്തിലാണ് ആശ വർക്കർമാർക്ക് ഏറ്റവും ഉയർന്ന വേതനമെന്ന വാദം കള്ളമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ വാദങ്ങളെ നിയമസഭയില്‍ വമ്പൻ പ്രസംഗം നടത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളിക്കളഞ്ഞത്.
ഓണറേറിയം മൂന്ന് മാസം മുടങ്ങിയതു കൊണ്ടാണ് അവർ സമരത്തിലേക്ക് ഇറങ്ങിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രതിദിന കൂലി 700 രൂപ ആക്കുമെന്ന് ഇടതുമുന്നണി പറഞ്ഞതല്ലേ. ബക്കറ്റ് പിരിവ് എന്ന് മുതലാണ് സർക്കാരിന് അയിത്തമായി തുടങ്ങിയത്.
ആശ വർക്കർമാരുടെ സമരത്തെ സർക്കാർ ഗൗനിച്ചില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് മുഖ്യമന്ത്രിയെ വിളിച്ച രാഹുൽ, മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ പോലും അവരെ കണ്ട് സംസാരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
മഴ കൊള്ളാതിരിക്കാൻ കെട്ടിയ ടാർപോളീൻ പോലും മിസ്റ്റർ ചീഫ് മിനിസ്റ്ററുടെ ആളുകൾ വലിച്ചു പറിച്ചു കളഞ്ഞില്ലേ? മിനിമം കൂലി കൂട്ടേണ്ടത് കേന്ദ്രമാണെങ്കിൽ 2014ൽ സിഐടിയു സെക്രട്ടറി എളമരം കരീം ശമ്പളം 10,000 രൂപ ആക്കണമെന്ന് നിയമസഭയിൽ പറഞ്ഞത് എന്തിനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
2018ന് ശേഷം ആശമാർ മറ്റു ജോലിക്ക് പോകുന്നതും തടഞ്ഞു. മറ്റു ജോലിക്കൊപ്പം മന്ത്രിമാരുടെ പ്രസംഗത്തിന് കൈയ്യടിക്കാനും പോണം. ഇവരുടെ പ്രസംഗം കേട്ട് കൈയ്യടിക്കുന്നവർക്ക് 233 രൂപ മതിയോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
കോവിഡ് സമയത്തു സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കേരളത്തിന്റെ രക്ഷക്കായി പ്രവർത്തിച്ച ആശമാർ 23 ദിവസങ്ങളായി വെയിലത്തും മഴയത്തും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തിട്ടും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു. 7000 രൂപ മാത്രമാണ് അവർക്കു കിട്ടുന്നത്.
അതുപോലും മൂന്നു മാസം മുടങ്ങിയപ്പോഴാണു സമരം. 700 രൂപ ദിവസവേതനമുള്ള സംസ്ഥാനത്ത് ആശമാർക്ക് കിട്ടുന്നത് 232 രൂപ. അവർക്ക് 700 രൂപ പ്രതിഫലം നൽകുമെന്ന് എൽ.ഡി.എഫിന്റെ 2021ലെ പ്രകടനപത്രികയിൽ പറഞ്ഞതാണ്. ഇവർ നൽകിയ ആ വാഗ്ദാനത്തിനു വേണ്ടിയാണ് ആ സാധുമനുഷ്യർ ഇപ്പോൾ സമരമിരിക്കേണ്ടി വരുന്നത്.
കൃമികീടമെന്നും ഈർക്കിൽ പാർട്ടിയെന്നും ബക്കറ്റ് പിരിവുകാരെന്നും വിളിച്ചില്ലേ? എന്നു തൊട്ടാണ് ഇവർക്ക് ബക്കറ്റുപിരിവ് അയിത്തമായത്. ഓണറേറിയം വർധിപ്പിക്കേണ്ടത് കേന്ദ്രമാണെങ്കിൽ എന്തിനാണ് ഹരിയാനയിലെയും ബംഗാളിലെയും സി.ഐ.ടി.യുക്കാർ ആശാമാരുടെ ശമ്പളം 26000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം ചെയ്തത്? ആരോഗ്യമന്ത്രി ഇത്രയും ദിവസങ്ങളായിട്ടും ആ വനികളോടൊന്നു സംസാരിക്കാൻ തയാറായില്ല.
അവർ മന്ത്രിയെ കാണാൻ വീട്ടിൽ ചെന്നപ്പോൾ, വീട്ടിൽ വരേണ്ടതില്ല ഓഫിസ് സമയത്ത് വന്നാൽ മതി എന്ന് ആവശ്യപ്പെട്ടു. ഈ മന്ത്രിയും ഞാനും സ്പീക്കറുമൊക്കെ വീടുവീടാന്തരം കയറി വോട്ട് ചോദിച്ചവരല്ലേ? നമ്മൾ വോട്ട് ചോദിക്കാൻ പോകുമ്പോൾ ഓഫിസ് സമയത്താണോ വോട്ട് ചോദിക്കാൻ പോകുന്നത്.
വോട്ട് ചോദിക്കാൻ പോകുമ്പോൾ കൊച്ചുവെളുപ്പാൻ കാലത്തും പാതിരാത്രിയിലും പോകാം. പക്ഷേ വോട്ട് കിട്ടി ജയിച്ചശേഷം ആ സാധുമനുഷ്യർക്ക് ഒരാവശ്യം വരുമ്പോൾ ഓഫിസ് സമയത്ത് വരണമെന്നു പറഞ്ഞാൽ ആരോഗ്യമന്ത്രിക്ക് ആ ഓഫിസ് അധികനാൾ ഉണ്ടാകില്ല എന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും രാഹുൽ പറഞ്ഞു.