
ശമ്പളം മുടങ്ങി; അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം കിട്ടിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകർ ഉൾപ്പെടെ ഭൂരിഭാഗം ജീവനക്കാരുടെയും ശമ്പളം മുടങ്ങി. മാസത്തിന്റെ രണ്ടാം ദിവസവും മൂന്നാം ദിവസവും ശമ്പളം ലഭിക്കേണ്ട അധ്യാപകർക്കും ജീവനക്കാർക്കും ഇതുവരെ ശമ്പളം ലഭിച്ചില്ല.
സെർവർ തകരാർ ആണന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നലെ രാവിലെ മുതൽ സർവർ തകരാറിൽ ആയിരുന്നു. ഉച്ചയോടെ ശരിയാകും എന്നായിരുന്നു ട്രഷറി ഡയറക്ടറുടെ വിശദീകരണം. ഇന്നലെ വൈകുന്നേരത്തോടെ ബില്ലുകൾ ട്രഷറിയിൽ നിന്ന് പാസാകാൻ തുടങ്ങി.
അധ്യാപകരുടേയും ജീവനക്കാരുടേയും ETSB ( എംപ്ലോയിസ് ട്രഷറി സേവിംഗ്സ് ബാങ്കിൽ ) യിൽ തുക ക്രഡിറ്റ് ചെയ്യുമെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയില്ല. 99 ശതമാനം പേരും ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാണ് വാങ്ങുന്നത്.
സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം മുടങ്ങിയതിന്റെ പ്രധാന കാരണം. കഴിഞ്ഞ വർഷം ഇതേ സമയത്തും ശമ്പളം മുടങ്ങിയിരുന്നു. അന്ന് ഒന്നാം തീയതി മുതൽ ശമ്പളം മുടങ്ങി. ഇത്തവണ ഒന്നാം തീയതി ശമ്പളം നൽകാൻ ശ്രദ്ധിച്ചു.
രണ്ടാം ദിവസം മുതൽ ശമ്പളം ലഭിക്കുന്നവർക്ക് ശമ്പളം കിട്ടാതെ ആയി. ശമ്പളം എന്ന് കിട്ടും എന്നറിയാതെ ആശങ്കയിലാണ് ജീവനക്കാരും അധ്യാപകരും. ഒന്നാം തീയതി ശമ്പളം ലഭിക്കുന്ന സെക്രട്ടറിയേറ്റ് ജീവനക്കാർക്കും പോലിസുകാർക്കും ട്രഷറി ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിച്ചു.