
വിവാഹിതയെ മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ല: ഹൈക്കോടതി
- പരാതിക്കാരി വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണെന്ന കാര്യം പ്രോസിക്യൂഷനും ശരിവെച്ചു
കൊച്ചി: വിവാഹിതയായ സ്ത്രീയെ മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി. പാലക്കാട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെതിരായ പീഡന കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്‌റെ നിരീക്ഷണം.
വിവാഹബന്ധം വേർപെടുത്താതെ നിയമപരമായ മറ്റൊരു വിവാഹം സാധ്യമല്ലെന്നിരിക്കെ, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്ന് വേണം പ്രഥമദൃഷ്യാ കരുതാനെന്നും കോടതി വിലയിരുത്തി. പരാതിക്കാരി വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണെന്ന കാര്യം പ്രോസിക്യൂഷനും ശരിവെച്ചതോടെയാണ് ഹർജിക്കാരൻ കുറ്റവിമുക്തനായത്.
വിവാഹവാഗ്ദാനം നൽകി തന്നെ തൃശൂരിലും ഗുരുവായൂരിലും കൊണ്ടുപോയി പലതവണ പീഡിപ്പിച്ച ശേഷം വഞ്ചിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അന്യായമായി തടങ്കലിൽവെച്ചെന്നും 9.3 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം ഉണ്ടായിരുന്നു.
തൃശൂർ ടൗൺ പോലീസ് കേസെടുത്ത് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം അവളെ വിവാഹം കഴിക്കാൻ താൻ സമ്മതിച്ചിരുന്നെങ്കിലും പിന്നീടാണ് ഈ സ്ത്രീ വിവാഹിതയാണെന്നും 2 കുട്ടികളുണ്ടെന്നും അറിഞ്ഞത്. ഇതോടെ നിയമപരമായ വിവാഹം നടത്താൻ കഴിയാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരൻ വാദിച്ചത്.