CricketSports

രഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്, പോരാട്ടവീര്യവുമായി കേരളം

രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ട് വിദർഭ. കേരള-വിദർഭ ഫൈനൽ പോരാട്ടം സമനിലയിൽ അവസാനിച്ചതോടെയാണ് ഒന്നാം ഇന്നിംഗ്‌സ് ലീഡിന്‌റെ കരുത്തിൽ വിദർഭ കിരീടം സ്വന്തമാക്കിയത്.

വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. അതേസമയം ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളം മികച്ച പ്രകടനം കാഴ്ചവച്ചാണ് മടങ്ങുന്നത്. ഫൈനലിൽ അവസാന ദിനമായ ഇന്ന് വിജയത്തിനായി കേരളം കിണഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

അവസാന ദിവസം 143.5 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്ത് വിദർഭ ബാറ്റിംഗ് തുടർന്നതോടെയാണ് കേരളം സമനിലയ്ക്കു സമ്മതിച്ചത്. ഇതോടെ ആദ്യ ഇന്നിംഗിലെ 37 റൺസ് ലീഡിൻറെ ബലത്തിലാണ് വിദർഭ കിരീടം സ്വന്തമാക്കിയത്.

Kerala Vs Vidarbha at Ranji trophy 2025 final

ഇന്ന് രാവിലെ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ വീണെങ്കിലും അക്ഷയ് കർനെവാറും ദർശൻ നൽകഡെയും ചെറുത്തുനിന്നതോടെ കേരളത്തിൻറെ പ്രതീക്ഷകൾ മങ്ങിതുടങ്ങിയത്. കർനെവാർ 70 പന്തിൽ 30 റൺസെടുത്തു. നാൽകഡെ പുറത്താകാതെ 98 പന്തിൽ 51 റൺസുമായി ക്രീസിൽ നങ്കൂരമിട്ടിരിക്കുകയാണ്. യാഷ് താക്കൂർ പുറത്താകാതെ എട്ട് റൺസെടുത്തു.

ഇന്ന് തുടക്കത്തിൽ തന്നെ സെഞ്ചുറി നേടിയ കരുൺനായരെയും (135) യാഷ് റാത്തോഡിനെയും (24) വീഴ്ത്തി സർവാത്തെ കേരളത്തിനു ചെറിയ പ്രതീക്ഷകൾ നൽകിയിരുന്നു. ഹർഷ് ദുബെയെ (4) ആപ്പിൽ ടോമും പവലിയൻ കയറ്റിയത് കേരളത്തിന് കൂടുതൽ പ്രതീക്ഷ നൽകിയെങ്കിലും കർനെവാറും നൽകഡെയും ചേർന്ന് ആ പ്രതീക്ഷകൾക്ക് തല്ലിക്കെടുത്തുകയായിരുന്നു.