News

വീര്യംകുറഞ്ഞ മദ്യവിൽപ്പന ആരംഭിക്കും; നികുതി കുറയ്ക്കുന്നതിൽ തീരുമാനം ഉടൻ

മദ്യ നിർമാണ ശാലക്ക് പിന്നാലെ ബക്കാർഡിയുടെ വീര്യം കുറഞ്ഞ മദ്യവും സംസ്ഥാനത്ത് ഉടൻ വിൽപനക്ക് എത്തും. ബക്കാർഡി കമ്പനിയുടെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച് നൽകണമെന്ന അപേക്ഷയിൽ സർക്കാർ ഉടൻ തീരുമാനം എടുക്കും. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി നിരക്ക് നിശ്ചയിക്കുന്നതിന് ബക്കാഡി കമ്പനി സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതിൽ മേൽ സർക്കാർ ചരക്ക് സേവന നികുതി കമ്മീഷണറുടെ റിപ്പോർട്ട് തേടിയിരുന്നു. നികുതി നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചരക്ക് സേവന നികുതി കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ മാസം സർക്കാർ ഇതിന് അംഗീകാരം നൽകും.

ഇത് സംബന്ധിച്ച ഫയൽ നികുതി വകുപ്പിൽ നിന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഏപ്രിൽ മുതൽ വീര്യം കുറഞ്ഞ ബക്കാർഡി മദ്യം കേരളത്തിൽ സുലഭമാകും. ബക്കാർഡി വീര്യം കുറഞ്ഞ മദ്യം കൂടുതൽ ഉപയോഗിക്കുന്നത് സ്ത്രീകളും കുട്ടികളും ആണെന്നാണ് പഠനം. വീര്യം കുറഞ്ഞ മദ്യമായ ബക്കാര്‍ഡി ബ്രീസറില്‍ 4.8 ശതമാനവും ബക്കാര്‍ഡി പ്ലസില്‍ 8 ശതമാനം ആള്‍ക്കഹോളുമാണ് അടങ്ങിയിരിക്കുന്നത്.

2022-23 വര്‍ഷത്തെ മദ്യനയ പ്രകാരം 0.5 v/v ശതമാനം മുതല്‍ 20 v/v ശതമാനം വരെ ആള്‍ക്കഹോള്‍ സ്ട്രങ്ത് അടങ്ങിയിട്ടുള്ള മദ്യം വിപണനം നടത്താമെന്ന് വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

അബ്കാരി നിയമ ഭേദഗതി നടത്തിയപ്പോള്‍ അന്നത്തെ എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞത് സംസ്ഥാനത്ത് കൃഷിക്കാരെ സഹായിക്കുന്ന തിനായി പഴച്ചാറുകളില്‍ നിന്നു വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുമെന്നും വന്‍കിട മദ്യ മുതലാളി മാരെ ഇതില്‍ നിന്നും അകറ്റി നിര്‍ത്തുമെന്നും പ്രാദേശിക അടിസ്ഥാനത്തില്‍ തൊഴിലും വരുമാനവും ലക്ഷ്യംവെച്ചുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത് എന്നുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പിറകില്‍ ഉള്ളത് വന്‍കിട മദ്യ രാജാക്കന്‍മാരും. ബക്കാര്‍ഡിയുടെ ഡീലര്‍ഷിപ്പ് നേടാന്‍ മന്ത്രി എം.ബി രാജേഷിന്റെ അടുത്ത സുഹൃത്ത് ശ്രമിക്കുന്നുണ്ട്. ഡീലര്‍ഷിപ്പ് എം.ബി രാജേഷിന്റെ സുഹൃത്തിന് ലഭിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

കേരളത്തില്‍ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായും ബകാര്‍ഡി മദ്യ കമ്പനിയുടെ പ്രപ്പോസല്‍ സര്‍ക്കാരിന് ലഭിച്ചതായും മലയാളം മീഡിയ 2024 മാര്‍ച്ച് അഞ്ച്, ഏഴ് തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെ ശരിവെയ്ക്കുന്ന മറുപടിയാണ് എം.ബി. രാജേഷ് നിയമസഭയിലും നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *