News

കഞ്ചാവ് കേസിൽ പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ടതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത നടപടിയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്. എംഎൽഎ നൽകിയ പരാതി അന്വേഷിച്ച അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എക്സൈസ് കമ്മീഷണർക്ക് നൽകി റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളുള്ളത്.

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ മകൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് എതിരെ നടപടി സ്വീകരിച്ചപ്പോൾ നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം. സംഘത്തെ പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികളിൽ വീഴ്ചയുണ്ടായി. ഇത്തരം കേസുകളിൽ ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിനായി വൈദ്യ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ട്, ഇതുണ്ടായില്ല. രക്തം, മുടി, നഖം എന്നിവയുടെ പരിശോധന നടന്നില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എംഎൽഎയുടെ മകൻ ഉൾപ്പടെ ഒമ്പത് പേരടങ്ങുന്ന സംഘത്തെയാണ് കഞ്ചാവ് കേസുമായി പിടികൂടിയത്. എന്നാൽ ഇവർ കഞ്ചാവ് വലിച്ചതിന് തെളിവില്ല. ശ്വാസത്തിൽ കഞ്ചാവിന്റെ മണം ഉണ്ടെന്ന് മാത്രമാണ് കേസിന് അടിസ്ഥാനം. മൂന്ന് ഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. എന്നാൽ ഇവർ ലഹരി ഉപയോഗിക്കുന്നത് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടിട്ടില്ല, കേസിൽ മറ്റ് ദൃക്സാക്ഷികളും ഇല്ലെന്നും റിപ്പോർട്ട് പറയുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ട് പേർക്ക് എതിരെ മാത്രമേ കേസ് നിലനിൽക്കു എന്നുമാണ് അസി. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ.

അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എംഎൽഎയെ ധരിപ്പിക്കുന്നതിലും എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യമായ വിവരങ്ങൾ കൈമാറുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതാണ് എംഎൽഎ ലൈവിൽ മകനെതിരെ കേസില്ലെന്നുൾപ്പെടെ അവകാശപ്പെടുന്നതിലേക്ക് നയിച്ചത് എന്നും റിപ്പോർട്ട് പറയുന്നു.

അസി. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ അന്നത്തെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ എണ്ണിപ്പറയുമ്പോൾ തുടർനടപടികൾ ഉണ്ടാകുമോ എന്നതും ശ്രദ്ധേയമായ കാര്യമാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടേതായിരിക്കും ഇതിൽ അന്തിമ തീരുമാനം.

ഇക്കഴിഞ്ഞ ഡിസംബർ 28നായിരുന്നു കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെയുള്ളവരെ എക്സൈസ് കഞ്ചാവുമായി പിടികൂടിയത്. ഒൻപത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയിൽ വടക്കേപറമ്പ് വീട്ടിൽ സച്ചിൻ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടിൽ മിഥുനാ(24)ണ് രണ്ടാം പ്രതി. തോട്ടുകടവിൽ വീട്ടിൽ ജെറിൻ ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടിൽ ജോസഫ് ബോബൻ (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടിൽ സഞ്ജിത്ത് (20), അഖിലം വീട്ടിൽ അഭിഷേക് (23), തൈച്ചിറയിൽ വീട്ടിൽ ബെൻസൻ, കാളകെട്ടും ചിറ വീട്ടിൽ സോജൻ (22) എന്നിവർ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്. ഈ സംഭവം പിന്നീട് എംഎൽഎയും എക്സൈസും തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിവച്ചിരുന്നു.

സംഭവം വാർത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എംഎൽഎ രംഗത്തെത്തിയിരുന്നു. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവർ പറഞ്ഞിരുന്നു. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിഭ എംഎൽഎ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *