Kerala Government News

പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി: ചെലവ് 70.60 ലക്ഷമെന്ന് കെ.എൻ. ബാലഗോപാൽ

പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതിയുടെ പ്രവർത്തനത്തിനായി 70.60 ലക്ഷം രൂപ ചെലവായെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.

ചെയർമാനും അംഗങ്ങൾക്കും ഓണറേറിയം നൽകാൻ 45.82 ലക്ഷവും വാഹന വാടകയായി 15.59 ലക്ഷവും ഓഫീസ് അറ്റൻഡൻ്റിന് വേതനമായി 1.68 ലക്ഷവും കുടുംബശ്രീയിലെ പാർട്ട് ടൈം സ്വീപ്പറിന് വേതനമായി 98,240 രൂപയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വാടകയായി 5.89 ലക്ഷവും ഓഫിസ് ചെലവുകൾക്കായി 62,912 രൂപയും ചെലവായി.

ഈ സമിതി 2021 ഏപ്രിൽ 30 ന് റിപ്പോർട്ട് നൽകിയെന്നും ബാലഗോപാൽ വ്യക്തമാക്കി. സമിതി സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കുന്നതിനായി ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതിയെ 2023 നവംബർ 2 ന് നിയമിച്ചു. സമിതിയിൽ ഉണ്ടായിരുന്ന ചീഫ് സെക്രട്ടറി ഡോ. വേണു വിരമിച്ചു.

പകരം വേണുവിൻ്റെ ഭാര്യ ശാരദ ചീഫ് സെക്രട്ടറി. ശാരദ ഈ ഏപ്രിലിൽ വിരമിക്കും. പകരം ജയതിലക് ചീഫ് സെക്രട്ടറി ആകും. ഇങ്ങനെ ചീഫ് സെക്രട്ടറിമാർ മാറി കൊണ്ടിരിക്കുന്നതല്ലാതെ 2023 നവംബർ 2 ന് രൂപികരിച്ച സമിതി ഇതുവരെ ഒരു റിപ്പോർട്ടും നൽകിയില്ല. പരമാവധി നീട്ടി കൊണ്ട് പോകുക എന്നതാണ് സമിതിയുടെ ജോലി എന്ന് വ്യക്തം. കാര്യങ്ങൾ പഠിച്ച് സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതിയെ വയ്ക്കുന്നത് കേട്ട് കേൾവി ഇല്ലാത്ത കാര്യം.

Contributory pension study committee

പങ്കാളിത്ത പെൻഷൻ രാജ്യത്തെ പല സംസ്ഥാനങ്ങളും പിൻവലിച്ചിട്ടും കേരളത്തിന് പിൻവലിക്കാൻ താൽപര്യമില്ല എന്ന് വ്യക്തം. 2 ലക്ഷം പേരാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉള്ളവർ. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് വാഗ്ദാനം ചെയ്താണ് 2016 ൽ എൽ.ഡി എഫ് സർക്കാർ അധികാരത്തിൽ വന്നത്. വാഗ്ദാനം വെള്ളത്തിൽ വരച്ച വരയായി.

വാഗ്ദാനം നടത്തി 9 വർഷമായി അധികാരത്തിൽ ഇരുന്നിട്ടും പങ്കാളിത്ത പെൻഷൻകാരെ അവഗണിക്കുകയാണ് സർക്കാർ. 2024- 25 ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി Assured പെൻഷൻ സമ്പ്രദായം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ല. 2025 – 26 ലെ ബജറ്റിലും അത് ഒന്ന് കൂടെ ആവർത്തിച്ചു.

കേന്ദ്ര സർക്കാർ യു.പി. എസ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അത് വിശദമായി പരിശോധിച്ച് തീരുമാനം എടുക്കുമെന്നാണ് ബാലഗോപാൽ ഇപ്പോൾ പറയുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കില്ല എന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *