NationalNews

കൂറുമാറുന്നവർക്ക് പെൻഷനില്ല, എം എൽ എ മാർക്ക് പുതിയ നിയമവുമായി കോൺഗ്രസ് സർക്കാർ

ഷിംല: കൂറുമാറ്റത്തിന് തടയിടാൻ നിയമനിർമ്മാണം നടത്തി ഹിമാചൽ നിയമസഭ. പുതിയ നിയമപ്രകാരം കൂറുമാറ്റ നിയമത്തിൻകീഴിൽ അയോഗ്യരാക്കപ്പെടുന്ന എം.എല്‍.എമാർക്ക് പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടാവില്ല. കൂറുമാറ്റം തടയുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് കോൺഗ്രസ് സർക്കാരിൻറെ നീക്കം.

‘ഹിമാചൽ പ്രദേശ് നിയമസഭ (അം​ഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബില്‍ 2024’ എന്ന പേരിലുള്ള ബില്ല്, മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആണ് നിയമസഭയിൽ അവതരിപ്പിച്ചത്. കൂറുമാറുന്ന എം.എൽ.എമാർക്ക് പെൻഷൻ നൽകരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്ല് കഴിഞ്ഞ ദിവസമാണ് സഭയിൽ അവതരിപ്പിച്ചത്.

കൂറുമാറ്റ നിരോധന നിയമം ഭരണഘടന പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യരാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയുണ്ടാവില്ലെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. പുതിയ ബിൽ പ്രകാരം അയോഗ്യരാക്കപ്പെട്ട എം എൽ എ മാർ പെൻഷൻ കൈപറ്റിയെങ്കിൽ തിരിച്ച് പിടിക്കാനും വ്യവസ്ഥയുണ്ട്.

അഞ്ച് വർഷം നിയമസഭാ സാമാജികനായി സേവനം അനുഷ്ഠിക്കുന്നവർക്ക് പ്രതിമാസം 36,000 രൂപ പെൻഷന് അർഹതയുണ്ടാകും. പിന്നീട് സഭയിൽ അംഗമായി തുടരുന്ന ഓരോ വർഷത്തിനും 1000 രൂപ വെച്ച് അധികം പെൻഷനും അർഹതയുണ്ടാവും. അതേസമയം കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്ന എംഎൽഎ മാർക്ക് ഇനിമുതൽ യാതൊരു പെൻഷൻ അലവൻസുകൾക്കും അർഹത ഉണ്ടാവില്ല.

ബജറ്റ് അവതരണവേളയിൽ പാർട്ടി വിപ്പ് ലംഘിച്ച് സഭയിൽനിന്ന് വിട്ടുനിന്ന ആറ് കോൺ​ഗ്രസ് എം.എൽ.എമാരെ ഈ വർഷം ഫെബ്രുവരിയിൽ ആയോ​ഗ്യരാക്കിയിരുന്നു. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ ആറ് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായാണ് വോട്ടുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *