
- രഞ്ജിത്ത്. ടി.ബി
ചാമ്പ്യൻസ് ട്രോഫി 2025 ഗ്രൂപ്പ് റൗണ്ടിലെ അവസാന മൽസരമായ ഇന്ത്യ ന്യൂസിലാൻ്റ് ഏകദിനം നാളെ ദുബായിൽ നടക്കും. പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റതു കാരണം പത്തോവറോളം ഗ്രൗണ്ടിൽ നിന്നും വിട്ടുനിന്നു. ഈ സമയം വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. പരിക്ക് ഗുരുതരമല്ലെങ്കിലും ഞായറാഴ്ച നടക്കുന്ന മൽസരത്തിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചേക്കും എന്നാണു പ്രതീക്ഷിക്കുന്നത് ബുധനാഴ്ച ബാറ്റിംഗ് പരിശീലനത്തിൽ നിന്നും മാറി നിന്നത് ഇതിൻ്റെ സൂചനകളാണ്.
രോഹിത് മാറി നിൽക്കുകയാണെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് അല്ലെങ്കിൽ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരിൽ ആരെങ്കിലും ടീമിലെത്തും. രോഹിത് ശർമയുടെ അഭാവത്തിൽ ഗില്ലിനോടൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നതിന് കെ എൽ രാഹുലിനെയോ അല്ലെങ്കിൽ പന്തിനെയോ പരിഗണിക്കാനുള്ള സാധ്യതകൾ കാണുന്നുണ്ട്. നിലവിൽ അഞ്ചാം സ്ഥാനത്താണ് കെ എൽ രാഹുൽ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.
ക്യാപ്റ്റൻ രോഹിത് ശർമ മൽസരത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിൽ നിലവിലെ വൈസ് ക്യാപ്റ്റനും ഓപ്പണറും കൂടിയായ ശുഭ്മാൻ ഗില്ലിന് ക്യാപ്റ്റനായി അരങ്ങേറാനുള്ള അവസരം ലഭിച്ചേക്കാം. ബൗളിംഗ് നിരയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാനുള്ള സൂചനകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഇരു ടീമുകളും ഇതിനോടകം തന്നെ സെമിഫൈനലിലേക്ക് പ്രവേശിച്ചിട്ടുള്ളതിനാൽ നാളത്തെ മത്സരത്തിന് അധിക പ്രാധാന്യം കൽപ്പിക്കുന്നില്ല എങ്കിലും സെമിയിലെ എതിരാളികളെ നിശ്ചയിക്കുന്നത് ഈ മൽസരഫലം അനുസരിച്ചിട്ടായിരിക്കും. നിലവിൽ ഇരു ടീമുകളും അപരാജിതമായ രണ്ടു മത്സരങ്ങളിൽ നിന്നും 4 പോയിൻ്റ് വീതം നേടിയിട്ടുണ്ട്, റൺ നിരക്കിൻ്റെ അടിസ്ഥാനത്തിൽ ന്യൂസിലാൻ്റാണ് ഇപ്പോൾ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാാനത്തുള്ളത്.