
സൽമാൻ ഖാൻ്റെ ആക്ഷൻ ചിത്രം സിക്കന്ദറിൻ്റെ ടീസറിന് വൻ വരവേൽപ്
എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ്റെ ആക്ഷൻ ചിത്രം ‘സിക്കന്ദർ’ ടീസർ പുറത്തിറങ്ങി. ഒരു പക്കാ മാസ് പടമാകും സിക്കന്ദർ എന്ന സൂചനയാണ് ടീസർ നല്‍കുന്നത്.ഈദ് റിലീസായി 2025 മാർച്ച് 30 ന് ചിത്രം പുറത്തിറങ്ങും.
സല്‍മാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജല്‍ അഗർവാള്‍ എന്നിവരടങ്ങിയ താരനിര സിക്കന്ദറില്‍ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. 400 കോടിയാണ് ചിത്രത്തിൻ്റെ മുതൽ മുടക്ക്. തെന്നിന്ത്യൻ താരം സത്യരാജ് ആണ് ചിത്രത്തിലെ വില്ലൻ.
വിജയ് ചിത്രമായ സർക്കാരുമായി സിക്കന്ദറിന് സാമ്യം ഉണ്ടെന്നാണ് ടീസർ പുറത്തിറങ്ങിയതിനു ശേഷമുള്ള കമൻ്റുകൾ. അഴിമതിക്കെതിരെയുള്ള നായകൻ്റെ പോരാട്ടമാണ് സിനിമ. സാമൂഹ്യ നീതിയും ചർച്ച ചെയ്യുന്ന സിനിമ ആയതിനാൽ സ്വാഭാവികമായ സാമ്യം ആണ് വിജയ് ചിത്രവുമായി സിക്കന്ദറിന് തോന്നുന്നത് എന്ന തരത്തിൽ പ്രചരണം നടക്കുന്നു. പടം സൂപ്പർ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് സൽമാൻ ആരാധകർ.