
- രഞ്ജിത്ത്. ടി.ബി
ഈ വർഷാവസാനത്തിൽ വീണ്ടും ഇന്ത്യയ്ക്ക് പാകിസ്താനുമായുള്ള മൽസരങ്ങൾക്ക് സാധ്യത. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) സെപ്റ്റംബറിൽ ഏഷ്യാകപ്പ് ടൂർണമെൻ്റ് നടത്താനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്. ട്വൻ്റി 20 ഫോർമാറ്റിൽ നടത്തുന്ന ഈ ടൂർണ്ണമെൻ്റിൽ 19 മത്സരങ്ങൾ വരെ നടക്കാനാണു സാധ്യത.
ടൂർണമെൻ്റിൽ ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇന്ത്യക്കാണെങ്കിലും ഇന്ത്യാ-പാക് മത്സരങ്ങൾക്ക് നിഷ്പക്ഷ വേദിയായിരിക്കും പരിഗണിക്കാൻ സാധ്യത. ഏഷ്യ കപ്പ് മത്സരങ്ങള്‍ മുഴുവനായും ഇന്ത്യയില്‍ മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഈ വേദികൾക്കായി ശ്രീലങ്കയേയും യുഎഇയെയും പരിഗണിക്കുന്നുണ്ട്.
ഇന്ത്യക്കു പുറമെ ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, ഹോങ്കാംഗ് എന്നീ എട്ടു ടീമുകൾ ഉൾപ്പെടുന്നതാണ് ഈ ടൂർണമെൻ്റ്. 2023 ൽ നടന്ന അവസാന ഏഷ്യാകപ്പിൽ പങ്കെടുത്ത നേപ്പാൾ ഇത്തവണ യോഗ്യത നേടിയില്ല.
നാലു ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിൽ നിന്നും മികച്ച രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് പ്രവേശിക്കുകയും അവിടെ നിന്നും മുന്നിലുള്ള ഇരു ടീമുകൾ ഫൈനലിൽ മൽസരിക്കുകയും ചെയ്യുന്നതാണ് ഈ ടൂർണ്ണമെൻ്റിലെ ഫോർമാറ്റ്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്, അങ്ങനെ സംഭവിക്കുകയാണെങ്കിൽ 3 തവണ വരെ പരമ്പരാഗത എതിരാളികൾക്ക് മൽസരിക്കാനുള്ള സാധ്യത തളിക്കളയാൻ പറ്റില്ല.
2023 ഓഗസ്റ്റിൽ നടന്ന അവസാന ഏഷ്യാ കപ്പ് ടൂർണമെന്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച ഇന്ത്യയാണ് നിലവിലെ ജേതാക്കൾ.