
- രഞ്ജിത്ത്. ടി.ബി
ഐസിസി ചാമ്പ്യൻസ് ടോഫി 2025 ൽ ഗ്രൂപ്പ് ബിയിലെ 2 മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാൻ എന്നീ മൂന്നു ടീമുകൾക്കും സെമി ഫൈനൽ പ്രതീക്ഷയുണ്ട്, ഗ്രൂപ്പിലെ നാലാമത്തെ ടീമായ ഇംഗ്ലണ്ട് ഇതിനകം തന്നെ പുറത്തായിക്കഴിഞ്ഞു.
ഈ അവസരത്തിൽ അഫ്ഗാൻ്റെ സെമി പ്രവേശനമാണ് ക്രിക്കറ്റ് ലോകം വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. തങ്ങൾ അട്ടിമറി വീരൻമാരോ കുഞ്ഞൻ ടീമോ അല്ല എന്ന കാര്യം ഇതിനകം തെളിയിച്ചു കഴിഞ്ഞു അഫ്ഗാൻ . വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നീ ടീമുകൾക്കു പോലും ഇടം പിടിക്കാനാകാത്ത 2025 ചാമ്പ്യൻസ് ട്രോഫിയിലുള്ള അഫ്ഗാൻ്റെ പ്രകടനം അവസാനത്തെ ഉദാഹരണമാണ്.
ഓസീസുമായുള്ള മത്സരഫലം
ഓസ്ട്രേലിയയുമായുള്ള ഇന്നത്തെ മത്സരം അഫ്ഗാനിസ്ഥാനു വളരെ നിർണ്ണായകമാണ്. ഈ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ അഫ്ഗാൻ നേരിട്ടു സെമിയിൽ പ്രവേശിക്കും, സമനിലയോ, മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താൽ ഗ്രൂപ്പിലെ അവസാന മൽസരമായ ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക ഫലത്തെ ആശ്രയിക്കേണ്ടിവരും, തോൽവിയാണ് ഓസ്ട്രേലിയയുമായുള്ള ഫലമെങ്കിൽ പുറത്തേക്കാണു വഴി,
മഴക്കളി
മഴമൂലം കളി ഉപേക്ഷിയ്ക്കുകയും ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക മത്സരത്തിൽ സൗത്ത് ആഫ്രിക്ക തോൽക്കുകയും ചെയ്താൽ അഫ്ഗാൻ്റെ സെമി പ്രവേശനം റൺറേറ്റിൻ്റെ അടിസ്ഥാനത്തിലാകും, പക്ഷേ നിലവിൽ സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച റൺറേറ്റാണ് ഉള്ളത്.
പോയിൻ്റ് നില
നിലവിൽ 2 മത്സരങ്ങളിൽ ഒരു വിജയവും ഒരു തോൽവിയും നേരിട്ട അഫ്ഗാന് 2 പോയിൻ്റുകളാണുള്ളത്. ഓരോ മൽസരങ്ങൾ വീതം ബാക്കിയുള്ള വീതമുള്ള ഓസീസിനും സൗത്ത് ആഫ്രിക്കയ്ക്കും 3 പോയിൻറു വീതമുണ്ട്, ഓരോ വിജയങ്ങളും, മഴമൂലം ഉപേക്ഷിക്കപ്പെട്ട മൽസരത്തിൽ ലഭിച്ച ഓരോ പോയിൻ്റും .
ടീം അഫ്ഗാനിസ്ഥാൻ
ഐസിസി അഫിലിയേറ്റ് അംഗത്വം 2001-ൽ ലഭിച്ച ടീമാണ് അഫ്ഗാനിസ്ഥാൻ എങ്കിലും ക്രിക്കറ്റ് ലോകത്തിലെ അവരുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഏതു മുൻ നിര ടീമിനെതിരെയും വിജയം നേടാനുള്ള പൂർണ്ണ ആത്മവിശ്വാസം മുതൽകൂട്ടായുള്ള ഒരു കൂട്ടം ചെറുപ്പക്കാർ അണിനിരക്കുന്നതാണ് ഈ ടീമിൻ്റെ കരുത്ത്. ചാമ്പ്യൻസ് ട്രോഫിയിലെ ഇംഗ്ലണ്ടിനെതിരെ നേടിയ മികച്ച വിജയം ഇവരുടെ മനോധൈര്യത്തിൻ്റെ ഒരു പൊൻ തൂവൽ കൂടിയാണ്.
മുൻ ഇംഗ്ലീഷ് താരം ജൊനാഥൻ ട്രോട്ടൻ പരിശീലിപ്പിക്കുന്ന അഫ്ഗാനിസ്ഥാൻ ടീമിൽ ഏറ്റവും പരിചയ സമ്പന്നനായ നാൽപ്പതുകാരൻ ഓൾ റൗണ്ടർ മുഹമ്മദ് നബി, സ്പിൻ മാന്ത്രികൻ റാഷിദ് ഖാൻ, നൂർ അഹമ്മദ്, ഓപ്പണിംഗ് നിരയിലെ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും, ഇംഗ്ലണ്ടിൻ്റെ അഞ്ചുവിക്കറ്റുകൾ തള്ളിയിടുകയും 31 പന്തിൽ 41 റൺസുകൾ നേടുകയും അസ്മത്തുള്ള ഒമർസായി എന്ന മികച്ച ഓൾ റൗണ്ടർ എന്നിവർ ഉൾപ്പെടുന്നു.
അവസാനം നടന്ന അഞ്ചു മത്സരങ്ങളിൽ 4 വിജയങ്ങൾ നേടിയ ആത്മവിശ്വാസവുമായിട്ടാണ് അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുന്നത്.