
കസേരക്കൊമ്പൻ സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞു
എടക്കര മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന കസേരക്കൊമ്പൻ സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞു. മാസങ്ങളോളം നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്ന കാട്ടാനയാണിത്.
അർധരാത്രിയിൽ, ഖാദർ എന്ന വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട തുറന്നുകിടന്ന സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന് വനംവകുപ്പ് പറഞ്ഞു.
രാത്രി കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ച ശേഷം പുലർച്ചയോടെ ആന റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയിരുന്നു. ജനവാസ കേന്ദ്രങ്ങളിൽനിന്ന് പിൻമാറാത്ത കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. കസേര പോലെയുള്ള കൊമ്പുള്ളതിനാലാണ് ആനയെ കസേരക്കൊമ്പൻ എന്നു വിളിച്ചു തുടങ്ങിയത്.
ചക്ക കാലമാകുന്നതോടെയാണ് കസേര കൊമ്പൻ ഒറ്റയാന്റെ കോളനിലേക്കുള്ള വരവ്. കഴിഞ്ഞ ഏഴു വർഷമായി ഈ കൊമ്പൻ കോളിയിലെത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. കോളനിയിലെ പ്ലാവുകളിലെ ചക്ക തീരുമ്പോഴാണ് മടക്കം.
രാത്രിയാകുന്നതോടെ പ്ലാവുള്ള വീടുകളുടെ മുറ്റത്ത് ആനയുണ്ടാകും. ആനയുടെ വരവ് അറിയുന്നതോടെ ആദിവാസികൾ വീടുകളിൽ കയറി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം തുടർച്ചയായെത്തിയ കൊമ്പൻ പലയിടങ്ങളിലും കൃഷിയും നശിപ്പിച്ചിരുന്നു.