
രഞ്ജി ട്രോഫി 2025 ലെ കിരീട സ്വപ്നവുമായി ഇറങ്ങിയ കേരളം വിദർഭയെ ഒന്നാം ഇന്നിംഗ്സിൽ 379 റൺസുകൾക്ക് തളച്ചു. തുടർന്നു ബാറ്റിംഗ് ആരംഭിച്ച കേരളത്തിൻ്റെ 2 വിക്കറ്റുകൾ നഷ്ടപ്പെട്ടുവെങ്കിലും രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ 131/3 എന്ന സ്കോറിലാണ്, ക്രീസിൽ കേരളത്തിൻ്റ വിശ്വസ്ത താരങ്ങളായ ആദിത്യ സർവാതെയും സച്ചിൻ ബേബിയും.
ആദ്യദിനം 4വിക്കറ്റുകൾ പിഴുത കേരളം, രണ്ടാം ദിവസം വിദർഭയുടെ ശേഷിച്ച ആറുവിക്കറ്റുകൾ കൂടി 125 റൺസിനുളളിൽ നേടി. രണ്ടാം ദിവസത്തെ കളി ആരംഭിക്കുമ്പോൾ 4 വിക്കറ്റുകൾക്ക് 254 എന്ന നിലയിൽ തുടങ്ങിയ വിദർഭ 290 വരെ വിക്കറ്റ് നഷ്ടമില്ലാതെ എത്തിയെങ്കിലും നിർണ്ണായകമായ മൂന്ന് വിക്കറ്റുകൾ അടുത്ത 8 റൺസിനുള്ളിൽ കേരള ബൗളർമാർ നേടിയത് വഴിഞ്ഞിരിവായി.
അവസാന വിക്കറ്റിലെ ഹർഷ് ദുബെ – നചികെറ്റ് ഭൂട്ടെ കൂട്ടുകെട്ടിൽ പിറന്ന 44 റൺസുകളുടെ പിൻബലത്തിലും കൂടിയാണ് വിദർഭ 379 എന്ന ടോട്ടൽ കെട്ടിപ്പടുത്തിയത്. 285 പന്തുകൾ നേരിട്ട ഡാനിഷ് മലേവർ 153 റൺസുകൾ നേടി വിദർഭ ഇന്നിംഗ്സിൻ്റെ നെടുംതൂണായപ്പോൾ മലയാളി താരമായ കരുൺ നായർ 86 റൺസുകളാണ് നേടിയത്. ആദ്യ ദിവസം 24 നു മൂന്ന് എന്ന നിലയിൽ പതറിയ സാഹചര്യത്തിൽ ഡാനിഷ് മലേവർ, കരുൺ നായർ സഖ്യമാണ് 225 റൺസിൻ്റെ മികച്ച കൂട്ടികെട്ടിൽകൂടി വിദർഭയെ മുന്നിലേക്ക് നയിച്ചത്.
കേരളത്തിനു വേണ്ടി എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവർ മൂന്നു വിക്കറ്റ് വീതം നേടിയപ്പോൾ നെടുംകുഴി ബേസിൽ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. മികച്ച ഒരു പ്രകടനം തന്നെയാണ് കേരള ബോളിംഗ് നിര കാഴ്ചവെച്ചത് എന്നു തന്നെ പറയാം.
ബാറ്റിംഗ് ആരംഭിച്ച ആദ്യ ഓവറിൽത്തന്നെ രോഹൻ കുന്നുമ്മേലെ പുറത്താക്കിയ ദർശൻ നാൽക്കണ്ടെ മൂന്നാം ഓവറിൻ്റെ മൂന്നാം പന്തിൽ മറ്റൊരു ഓപ്പണർ അക്ഷയ് ചന്ദ്രനെ കൂടി പുറത്താക്കി, രണ്ടു പേരും ബൗൾഡ് ആകുകയായിരുന്നു .
29.4 ഓവറിൽ 100 റൺസിലേക്കെത്തിയ കേരളത്തിൻ്റെ മൂന്നാം വിക്കറ്റ് 107ാം റൺസിൽ നഷ്ടപ്പെട്ടു. 37 റൺസുകൾ നേടിയ അഹമ്മദ് ഇമ്രാൻ, യാഷ് ഠാക്കൂറിന്റെ പന്തിൽ പുറത്തായത് മുപ്പത്തിരണ്ടാം ഓവറിലായിരുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബിയും (7* ) ആദിത്യ സർവ്വാതെയുമാണ് തുടർ പ്രതീക്ഷകളുമായി ക്രീസിൽ ഉള്ളത്.
ഒന്നാം ഇന്നിംഗ്സ് സ്കോർ:
വിദർഭ – 379
കേരളം- 131/3