News

ജോയിന്റ് കൗൺസിൽ നേതാവിന്റെ പീഡനം; കളക്ടറേറ്റ് ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു

കൽപ്പറ്റ: വയനാട് കലക്ടറേറ്റിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ക്ലാർക്കാണ് ഓഫിസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ യുവതി കൽപ്പറ്റ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കൃഷി ഓഫിസിലെ ജോയിന്റ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിക്കു പിന്നാലെയാണ് ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതുസംബന്ധിച്ച് ആഭ്യന്തര പരാതി പരിഹാര സമിതിയിലാണ് ജീവനക്കാരി പരാതി നൽകിയത്. എന്നാൽ വനിത കമീഷന്റെ സിറ്റിങ്ങിൽ വെച്ചും പരാതിക്കാരിയെ മോശമായി ചിത്രീകരിച്ചു എന്നാണ് സഹപ്രവർത്തകരും ആരോപിക്കുന്നത്.

ജീവനക്കാരിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ വയനാട് കലക്ടറേറ്റിൽ എൻ.ജി.ഒ യൂനിയൻ പ്രതിഷേധ പ്രകടനം നടത്തി. ക്ലർക്കായ ഉദ്യോഗസ്ഥയെ ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോയിന്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

യുവതിയെ ക്രമവിരുദ്ധമായി സ്ഥലം മാറ്റിയെന്നും ഇതിനിടെ പരാതി ഉയർന്നിരുന്നു. ഇന്ന് (വ്യാഴം) നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിലും യുവതിയെ അപമാനിച്ചതായി പരാതിയുണ്ട്. ആരോപണവിധേയനായ പ്രജിത്ത് യുവതിയോട് വളരെ മോശമായി സംസാരിക്കാറുണ്ടെന്ന് സഹപ്രവർത്തക മാധ്യമങ്ങളോട് പ്രതികരിച്ചു.

ഐ.സി.സിയിൽ പരാതിപ്പെട്ടെങ്കിലും ആറേഴ് മാസങ്ങൾക്ക് ശേഷമാണ് പരാതിയിൽ നടപടിയുണ്ടായത്. സ്ഥലമാറ്റം ഉത്തരവിൽ ജെ.ഡി ഒപ്പിടാൻ വൈകിയതിനാൽ പ്രജിത്ത് സ്റ്റേ ഓർഡർ വാങ്ങുകയും ചെയ്തുവെന്നും സഹപ്രവർത്തക പറഞ്ഞു. നീതിക്കായി മുട്ടാത്ത വാതിലുകളില്ലെന്നും അവർ പ്രതികരിച്ചു. കൃഷി ഓഫീസിലെ ജീവനക്കാരൻ തന്നെയാണ് പ്രജിത്ത്. യുവതിയുടെ ആരോപണങ്ങൾ പ്രജിത്ത് നിഷേധിച്ചതായാണ് വിവരം. അതേസമയം കളക്ടറേറ്റിലെ ഒരു വിഭാഗം ജീവനക്കാർ ഭരണപക്ഷ സംഘടനയുടെ നേതാവിനെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *