
ആരാകും അടുത്ത പ്രതിപക്ഷ നേതാവ്? കസേരയിൽ കണ്ണ് നട്ട് അഞ്ചുപേർ
ആരാകും അടുത്ത പ്രതിപക്ഷ നേതാവ്. ഭരണ വിരുദ്ധ വികാരം അതിശക്തമായതോടെ സർക്കാർ നിലം പതിക്കുമെന്ന് മന്ത്രിമാർ പോലും ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ ആരാകും അടുത്ത പ്രതിപക്ഷ നേതാവ് എന്നതാണ് ചർച്ച.
ഈ വർഷം 80 തികയുന്ന പിണറായി ആ കസേരയിലേക്ക് ഇല്ല എന്ന് ഉറപ്പായതോടെയാണ് ഭൈമി കാമുകൻമാരുടെ എണ്ണം വർദ്ധിക്കുന്നത്.പാർട്ടി സെക്രട്ടറിയായി എം.വി ഗോവിന്ദൻ തന്നെ തുടരും.
മുഹമ്മദ് റിയാസ് , പി. രാജീവ്, എം.ബി രാജേഷ്, കെ. എൻ. ബാലഗോപാൽ, എ.എൻ ഷംസീർ എന്നിവരാണ് പ്രതിപക്ഷ നേതാവ് കസേരയിൽ കണ്ണ് നട്ടിരിക്കുന്നവർ. റിയാസിന് ഭീഷണിയാകാൻ സാധ്യതയുള്ള ഷംസീറിനെ പിണറായി തന്നെ തീർക്കും. തലശേരിയിൽ ഇത്തവണ ഷംസീറിന് സീറ്റുണ്ടാകില്ല. പകരം പി. ശശിയാകും തലശേരിയിൽ മൽസരിക്കുക.
രണ്ടാം പിണറായി സർക്കാരിനെ ജന വിരുദ്ധമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അടുത്ത തവണ കൊട്ടാരക്കരയിൽ നിന്ന് വീണ്ടും മൽസരിക്കുമെങ്കിലും ജയിക്കുമോയെന്ന് കണ്ടറിയണം. അത്രക്ക് വെറുപ്പിച്ചിരിക്കുകയാണ് ബാലഗോപാൽ. ക്ഷേമ പെൻഷൻ കാർ തൊട്ട് ആശ വർക്കർമാർ വരെയുള്ളവർ വരെ ബാലഗോപാലിൻ്റെ ധനകാര്യമാനേജ്മെൻ്റിൻ്റെ ഇരകളാണ്.
ഒയാസിസ് മദ്യ നിർമ്മാണ ശാലയുമായുള്ള ബന്ധം എം.ബി രാജേഷിനും തിരിച്ചടിയായേക്കും. യു.ഡി.എഫിൻ്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയിൽ മുഴുവൻ സീറ്റും ജയിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് സതീശനും സംഘവും. കളമശേരിയിൽ രാജീവിനെ വീഴ്ത്താനുള്ള ആയുധങ്ങൾ യുഡിഎഫ് തേച്ച് മിനുക്കുന്നുണ്ട്.
രാജീവും പരാജയപ്പെട്ടാൽ മുഹമ്മദ് റിയാസിൻ്റെ പാത എളുപ്പമാകും.പ്രതിപക്ഷ നേതാവ് കസേരയിൽ ഈസിയായി റിയാസ് അവരോധിക്കപ്പെടും. ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയാലും കൻ്റോൺമെൻ്റ് ഹൗസിൽ ഇരുന്ന് മരുമോനൊപ്പം പിണറായിക്ക് ഇടത് രാഷ്ട്രീയം നിയന്ത്രിക്കാം.