Kerala Government News

ശമ്പള പരിഷ്കരണ കമ്മീഷൻ ഏപ്രിലിൽ; കുടിശിക എന്ന് കിട്ടുമെന്ന് അറിയാതെ ജീവനക്കാർ

ശമ്പള പരിഷ്കരണ കമ്മീഷനെ ഏപ്രിലിൽ പ്രഖ്യാപിക്കും. ഇടഞ്ഞ് നിൽക്കുന്ന സർക്കാർ ജീവനക്കാരേയും പെൻഷൻകാരേയും അടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

1.7.24 മുതൽ പ്രാബല്യത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പള പെൻഷൻ പരിഷ്കരണം ലഭിക്കേണ്ടതാണ്. ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കുമെന്നായിരുന്നു ജീവനക്കാരുടെയും പെൻഷൻകാരായും പ്രതീക്ഷ. എന്നാൽ അത് ഉണ്ടായില്ല. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

2021 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിൽ കുടിശിക 4 ഗഡുക്കളായി നൽകും എന്നായിരുന്നു പ്രഖ്യാപിച്ചത്.2023 ഏപ്രിൽ, ഒക്ടോബർ, 2024 ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിൽ 4 തുല്യ ഗഡുക്കളായി കുടിശിക പി.എഫിൽ ലയിപ്പിക്കുമെന്നായിരുന്നു ഉത്തരവ്. എന്നാൽ സർക്കാർ അത് നീട്ടി വയ്ക്കുക ആണ് ഉണ്ടായത്. ഫെബ്രുവരി 7 ന് അവതരിപ്പിച്ച 2025 – 26 ലെ ബജറ്റിൽ ആദ്യ രണ്ട് കുടിശിക ഗഡുക്കൾ പി.എഫിൽ ലയിപ്പിക്കുമെന്ന് ബാലഗോപാൽ പ്രഖ്യാപിച്ചു. ബാക്കി രണ്ട് ഗഡുക്കൾ അടുത്ത സർക്കാരിൻ്റെ തലയിൽ വച്ച് ബാലഗോപാൽ കസേര ഒഴിയും.

പെൻഷൻ പരിഷ്കരണത്തിൻ്റെ അവസാന ഗഡു പെൻഷൻകാർക്ക് 27 മുതൽ വിതരണം ചെയ്യും. ഫെബ്രുവരി 7 ലെ ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് 12 ന് ഉത്തരവ് ഇറങ്ങിയെങ്കിലും പണം വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല. പെൻഷൻ പരിഷ്കരണത്തിൻ്റെ ഭാഗമായി വരുന്ന 2 ഗഡു ക്ഷാമ ആശ്വാസ പരിഷ്കരണത്തെ കുറിച്ച് ബാലഗോപാൽ ബജറ്റിൽ മൗനം പാലിച്ചു. അതും അടുത്ത സർക്കാരിൻ്റെ തലയിൽ വച്ച് ബാലഗോപാൽ കസേര ഒഴിയും.

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ഏപ്രിലിൽ പ്രഖ്യാപിക്കുമെങ്കിലും കമ്മീഷൻ്റെ പ്രവർത്തനം തുടങ്ങാൻ ഒരു മാസം കൂടി എടുക്കും. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കും എന്നാണ് സൂചന. കഴിഞ്ഞ തവണത്തെപ്പോലെ ഫെബ്രുവരി മാസം ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങും.

ഭൂരിഭാഗം ക്ഷാമബത്തയും അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുന്ന രീതിയിൽ ശമ്പള പരിഷ്കരണം നടക്കുന്നതോടെ ക്ഷാമബത്ത നൽകി എന്ന പ്രതീതിയും ഉണ്ടാക്കാൻ സാധിക്കും. ഇത് വഴി ജീവനക്കാരുടെയും പെൻഷൻകാരുടേയും അപ്രീതി ഒഴിവാക്കാം എന്നാണ് കണക്ക്കൂട്ടൽ.

5 Comments

  1. ഇതും ഒരു തട്ടിപ്പ്. എല്ലാം അടുത്ത സർക്കാരിന്റെ മേൽ വെച്ച് തടിയൂരലാണ്. ഇയാൾ ഒന്നും തരില്ല. ശമ്പള പരിഷ്കരണ കുടിശ്ശിക 2 ഗഡു. ലോക്കിങ് പീരീഡ് കഴിയും മുമ്പേ തന്നെ അടുത്ത സർക്കാർ വരും. ഇപ്പോ ഇവര് ചെയ്തത് പോലെ അൺലോക്ക് ചെയ്യണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കും. ലോക്കിങ് പീരീഡ് അനന്തമായി നീളും.

  2. കൊടുക്കണം കൊടുക്കണം. കാരണം സർക്കാർ ജീവനക്കാർ പട്ടിണി കിടന്നു സോഷിച്ചുപോയി. അവരെ ഒന്ന് നന്നാക്കിഎടുക്കണം. പണക്കാരായ ആശ വർക്കർമാർ സുഖലോലുപതയിൽ കഴിയുകയല്ലേ അവർക്കു കേന്ദ്രത്തിൽ നിന്ന് തരുമ്പോൾ കൊടുത്താൽ മതി.

    1. ഇതൊക്കെ മാധ്യമങ്ങൾ പറയുന്നതല്ലേ… ഈ മന്ത്രിസഭ സര്ക്കാര് ജീവനക്കാർക്ക് ഒരു കോപ്പും കൊടുത്തിട്ടില്ല… നമ്മൾ ഒരു പണിക്കാരനെ നിർത്തിയിട്ട് വൈകീട്ട് 1000 രൂപ കൂലി ചോദിക്കുമ്പോൾ 750 രൂപ കൊടുത്തിട്ട് ബാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ തരാം എന്ന് പറഞാൽ എങ്ങനെ ഇരിക്കും? അതാണ് കഴിഞ്ഞ 7 വർഷമായി ജീവനക്കാരോട് ചെയ്യുന്നത്… ജീവനക്കാർ എന്ന് പറയുമ്പോൾ തുച്ഛ ശമ്പളം വാങ്ങുന്ന പ്യൂൺ, ക്ലർക്ക് തുടങ്ങിയവരും ഉണ്ട്…

    2. സർക്കാർ ജോലിക്കാർ പഠിച്ചു നേടിയ ജോലി ആണ് മാത്രമല്ല അവർക്ക് വേറെ ജോലി ചെയ്യാൻ പാടില്ല ആശാവർക്കർ സർക്കാർ ജോലിക്കാർ അല്ല രണ്ടും ഒന്നായി കാണരുത്
      സർക്കാർ ജോലിക്കാർ സർക്കാരിന്റെ പ്രതിനിഥികൾ അവർ പട്ടിണി കിടക്കുന്നു എങ്കിൽ കൂലി പണിക്കരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ

  3. ഒരു സർക്കാർ ജീവനക്കാർ രണ്ടു തരം ഉണ്ട് ഒന്ന് എലൈറ്റ് ക്ലാസ്സ്‌ പിന്നെ lower ക്ലാസ്സ്‌ അതിൽ പ്യൂൺ ld ക്ലാർക്ക് അടക്കം ഉള്ളവർ തുച്ഛമായ സാലറി വാങ്ങുന്നവർ ആണ് ഒരു കൂലി പണിക്കാരന് ലഭിക്കുന്ന പണം മാത്രം വാങ്ങുന്നവർ അവർക്ക് റേഷൻ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല നാട്ടിലെ ഏതു പരിപാടിക്കും പരമാവധി പിരിവ് പാർട്ടി പിരിവ് എല്ലാം വഹിയിക്കണം ശമ്പളം കൂട്ടേണ്ടത് അനിവാര്യമാണ് പലർക്കും ഇതിനോട് പുച്ഛമാണ് ജോലി കിട്ടാത്തതിന്റെ ചൊരുക്ക് ആണ്

Leave a Reply

Your email address will not be published. Required fields are marked *