NationalNews

ഞായറാഴ്ച്ച പ്രാർത്ഥന: യു.പിയില്‍ 9 ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിൽ ഞായറാഴ്ച പ്രാർത്ഥനാ യോഗങ്ങൾ നടത്തിയതിന് ഒമ്പത് ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുക്കളെ മതപരിവർത്തനം നടത്താനാണ് ഞായറാഴ്ച്ച പ്രാർത്ഥന എന്ന ഹിന്ദു സംഘടനകളുടെ ആരോപണത്തെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 23ന് ഞായറാഴ്ച്ച പ്രാർത്ഥന നടത്തിയതിനാണ് രണ്ട് ഇടങ്ങളിലായി ഒമ്പതുപേരെ അറസ്റ്റ് ചെയ്തത്. സീതാപൂർ ജില്ലയിൽ ഒരു പാസ്റ്ററും മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേരെയും റായ്ബറേലി ജില്ലയിൽ ഒരു പാസ്റ്റർ ഉൾപ്പെടെ നാല് പേരെയും അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റിലായ ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽ പതിവുള്ള ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയപ്പോൾ ഹിന്ദു ജനക്കൂട്ടം ഹിന്ദു മതത്തെയും അതിന്റെ ദേവതകളെയും അപകീർത്തിപ്പെടുത്തുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. മതപരിവർത്തന പ്രവർത്തനങ്ങളുടെ തെളിവായി വിശുദ്ധ ബൈബിളിന്റെ പകർപ്പുകൾ ഉൾപ്പെടെയുള്ള മതപരമായ വസ്തുക്കൾ പോലീസ് പിടിച്ചെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റിലായവരെ പിന്നീട് റിമാന്റ് ചെയ്തു.

സംഘപരിവാർ ശക്തികൾക്കൊപ്പം നിൽക്കുന്ന കാസയും ക്രിസംഘികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്. ഈ വർഷം ഇതുവരെ രാജ്യത്ത് 35 ക്രിസ്ത്യാനികളെ മതപരിവർത്തന നിരോധന നിയമപ്രകാരം ജയിലിൽ അടച്ചിരിക്കുകയാണ്.

ഉത്തർപ്രദേശിലെ 20 കോടിവരുന്ന ജനസംഖ്യയിൽ ഒരു ശതമാനം മാത്രമായ ക്രൈസ്തവരെ ബിജെപിയുടെ യോഗി സർക്കാർ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാക്കിയിരിക്കുകയാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.

കഴിഞ്ഞ വർഷം ക്രിസ്ത്യാനികൾക്കെതിരെ യുപിയിൽ 209 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം (The Uttar pradesh Prohibition of Unlawful Conversion of Religion (AMENDMENT) ACT, 2024) അറസ്റ്റ് ചെയ്താൽ ജാമ്യം പോലും കിട്ടാൻ സാധ്യത കുറവാണ്. കഠിനമായ വകുപ്പുകളാണ് ഈ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്രിസ്ത്യാനികൾക്കെതിരെ എടുക്കുന്ന മിക്ക കേസുകളിലും വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ കോടതികളിൽ നിന്ന് പോലീസ് വിമർശനം നേരിടുന്നതും പതിവാണ്. മതപരിവർത്തനം നടക്കുന്നതായി തോന്നിയാൽ ആർക്കു വേണമെങ്കിലും പോലീസിനെ വിളിച്ചറിയിക്കാം. അതിലെല്ലാം പോലീസ് കേസെടുക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. വേദഗ്രന്ഥമായ ബൈബിൾ പോലും പിടിച്ചെടുത്ത് പോലീസ് കൊണ്ടു പോകുന്നത് ഞെട്ടൽ ഉളവാക്കുന്നതാണെന്ന് പാസ്റ്റർ ജോയി മാത്യൂ പറഞ്ഞു.

ഉത്തർപ്രദേശിലെ വിവിധ ജയിലുകളിലായി നൂറിലലധികം ക്രിസ്ത്യാനികൾ കഴിയുന്നുണ്ട്. ഈ വർഷം ജനുവരിയിൽ മതപരിവർത്തന നിരോധന നിയമപ്രകാരം യുപിയിൽ മലയാളി പാസ്റ്റർ ദമ്പതികളെ അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചു. അംബേദ്കർ ജില്ലാ സെഷൻസ് കോടതിയാണ് ജോസ് പാപ്പച്ചൻ, ഷീജ പാപ്പച്ചൻ ദമ്പതികളെ ശിക്ഷിച്ചത്. അഞ്ചു വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഈ മാസം 18 ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് പാസ്റ്റർ ദമ്പതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *