
സെക്രട്ടറിയേറ്റിലെ ഭരണ വിലാസം നേതാവ് പി.എസ് സി അംഗമാകുമോ? പി എസ് സി അംഗത്തിൻ്റെ ഒഴിവ് ഉടൻ നികത്താൻ മുഖ്യമന്ത്രി
പി.എസ് സി അംഗത്തിൻ്റെ ഒഴിവ് ഉടൻ നികത്തും. ഒരു ഒഴിവാണ് ഉള്ളത്. 21 അംഗങ്ങളാണ് പി.എസ് സി യിൽ ഉള്ളത്. നിലവിൽ 20 അംഗങ്ങൾ മാത്രമാണ് ഉള്ളത്.
ശമ്പളം കുത്തനെ ഉയർത്തിയതോടെ പി.എസ് സി അംഗമാകാൻ ഇടിയോട് ഇടിയാണ്. 6 വർഷമാണ് പി എസ് സി അംഗത്തിൻ്റെ കാലാവധി.പരമാവധി പ്രായം 62 വയസാണ്.
സെക്രട്ടറിയേറ്റിൽ ഈ വർഷം വിരമിക്കുന്ന ഭരണ വിലാസം നേതാവിനെ പി.എസ്.സി അംഗമാക്കാനും നീക്കമുണ്ട്. 56 വയസുള്ള ഇയാളെ നിയമിച്ചാൽ 6 വർഷം കസേരയിൽ ഇരിക്കാം. അടുത്ത സർക്കാരിൻ്റെ കാലാവധി മുഴുവനും ഇയാൾക്ക് കസേരയിൽ തുടരാം.
ഘടക കക്ഷി നേതാവിനും സി പി എമ്മിലെ പ്രമുഖനും കസേരയിൽ കണ്ണുണ്ട്. മുഖ്യമന്ത്രി ആർക്ക് പച്ചക്കൊടി കാണിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ചെയർമാൻ്റെ ശമ്പളം 4 ലക്ഷമായും അംഗങ്ങളുടെ ശമ്പളം 3.82 ലക്ഷമായും ആണ് ഉയർത്തിയത്.
രാജ്യത്ത് പി.എസ് സി മെമ്പർമാരുടെ എണ്ണത്തിൽ നമ്പർ 1 ആണ് കേരളം.രാജസ്ഥാൻ , ആന്ധ്ര, തെലുങ്കാന , ജമ്മു എന്നി സംസ്ഥാനത്തിൽ 8 പി. എസ്.സി അംഗങ്ങൾ ആണ് ഉള്ളത്. ഛത്തീസ് ഗഡ്, അരുണാചൽ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 5 പി എസ് സി അംഗങ്ങളാണ് ഉള്ളത്. ബീഹാർ , ഒറീസ, ഉത്തരാഖണ്ഡ്, ആസാം എന്നി സംസ്ഥാനങ്ങളിൽ 6 പേരാണ് അംഗങ്ങളായിട്ടുള്ളത്. പശ്ചിമ ബംഗാളിലും ഗുജറാത്തിലും 7 അംഗങ്ങൾ ആണ് ഉള്ളത്. മഹാരാഷ്ട്ര, ജാർഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിൽ 4 അംഗങ്ങൾ ഉണ്ട്.ഹിമാചൽ, സിക്കിം എന്നിവിടങ്ങളിൽ 3 അംഗങ്ങളാണ് ഉള്ളത്. ഗോവയിലും മണിപ്പൂരിലും ആണ് ഏറ്റവും കുറവ് പി.എസ്. സി അംഗങ്ങൾ. 2 പേരാണ് ഗോവയിലും മണിപ്പൂരിലും ഉള്ളത്.
കേരളത്തിൻ്റെ തൊട്ട് പിന്നിൽ ഉള്ളത് തമിഴ്നാടാണ്. 14 പി.എസ്. സി അംഗങ്ങൾ തമിഴ്നാടിൽ ഉണ്ട്. 13 അംഗങ്ങളുള്ള കർണ്ണാടകയാണ് മൂന്നാം സ്ഥാനത്ത് . യു.പി. എസ്.സി യിൽ 9 അംഗങ്ങൾ മാത്രമാണ് ഉള്ളത്.