
കിഫ്ബിക്കെതിരെ ഭരണകക്ഷി എം.എൽ.എയും ; ന്യായീകരണവുമായി കെ.എൻ. ബാലഗോപാൽ
കിഫ്ബിക്കെതിരെ ഭരണകക്ഷി എം.എൽ.എയും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആണ് കിഫ്ബി പദ്ധതികളിലെ കാലതാമസത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കിഫ്ബി പദ്ധതികളിലെ കാലതാമസത്തെ പറ്റി കടകംപള്ളി നിയമസഭയിൽ ചോദ്യവും ഉന്നയിച്ചു. മണ്ണന്തല – പൗഡിക്കോണം – ശ്രീകാര്യം മാതൃകാ റോഡിൻ്റെ രണ്ടാം റീച്ചായ പൗഡിക്കോണം – ശ്രീകാര്യം റോഡിൻ്റെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുക കൈമാറാൻ കാലതാമസം വന്നതാണ് കടകം പള്ളിയെ ചൊടിപ്പിച്ചത്.
നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് പുതുക്കിയ സാമ്പത്തികാനുമതിക്കുള്ള പ്രൊപ്പസൽ സമർപ്പിക്കുന്ന മുറക്ക് പരിശോധിച്ച് പണം അനുവദിക്കാമെനാണ് കിഫ് ബി ക്ക് വേണ്ടി ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകിയത്.
ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം, സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ നിന്നും അനുമതികൾ ലഭ്യമാക്കുന്നതിനുണ്ടാകുന്ന കാലതാമസം, കേസുകൾ, തദ്ദേശവാസികളിൽ നിന്നുള്ള എതിർപ്പ് എന്നിവ മൂലമാണ് കിഫ് ബി പദ്ധതികൾ വൈകുന്നത് എന്നതാണ് കെ.എൻ. ബാലഗോപാലിൻ്റെ ന്യായികരണം.
5 വർഷം കൊണ്ട് 50000 കോടിയുടെ പ്രവൃത്തികൾ പൂർത്തികരിക്കും എന്ന് വാഗ്ദാനം ചെയ്ത കിഫ് ബിയുടെ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്. കിഫ് ബി യിലെ ഉദ്യോഗസ്ഥരുടെ ശമ്പളം ആകട്ടെ ലക്ഷങ്ങളും.
ശമ്പളവും പെൻഷനും ഉൾപ്പെടെ കിഫ് ബി സി.ഇ.ഒ കെ എം എബ്രഹാം പ്രതിമാസം വാങ്ങിക്കുന്നത് 6.37 ലക്ഷം രൂപയാണ്. ശരാശരി 2 ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന 4 ഉദ്യോഗസ്ഥർ കിഫ് ബിക്ക് ഉണ്ട്. 180 ഓളം സ്റ്റാഫുകളും 14 വിരമിച്ച ഉദ്യോഗസ്ഥരും കിഫ്ബിക്ക് ഉണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കിഫ് ബി മറ്റൊരു വെള്ളാനയായി മാറി എന്ന് വ്യക്തം.