
- രഞ്ജിത്ത്. ടി.ബി
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ൽ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മത്സരത്തിൽ വിജയ റണ്ണിനൊപ്പം തന്റെ 51 ാമത് സെഞ്ചുറി നേട്ടവും കൈവരിച്ച വിരാട് കോലിക്ക് ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദന വർഷങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ കിംഗ് കോലി തിരുത്തി കുറിച്ച ചില റെക്കോർഡുകൾ നോക്കാം.
സെഞ്ചുറി നമ്പർ 51
ഏകദിന ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾക്ക് ഉടമയായ വിരാട് കോലി, തന്റെ 51ആം ഏകദിന സെഞ്ച്വറി ആണ് പാകിസ്താനെതിരെ കുറിച്ചത്. തികച്ചും ബാറ്റിംഗ് ദുഷ്കരമായ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വളരെ പക്വതപരമായ ഒരു ഇന്നിംഗ്സ് ആണ് അദ്ദേഹം കാഴ്ച്ചവച്ചത്. അപകടകരമായ ഷോട്ടുകൾ പൂർണ്ണമായും ഒഴിവാക്കിയ കോലി കവർ ഡ്രൈവിലൂടെ മാത്രം 31 റൺസുകൾ നേടി 46 സിംഗിൾ കളും 13 ഡബിളുകളും ഉൾപ്പെട്ട ഇന്നിംഗ്സിൽ 7 ബൗണ്ടറികളും അടങ്ങുന്നുണ്ട്. 2023 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് കോലി വീണ്ടും ഒരു സെഞ്ച്വറി കുറിക്കുന്നത്.
14000 റൺസ് ക്ലബ്ബ്
പാകിസ്താനെതിരെയുള്ള ഇന്നിംഗ്സിൽ ആദ്യ 15 റൺസുകൾ നേടിയപ്പോൾ പതിനാലായിരം റൺസ് നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗമേറിയ വ്യക്തി എന്ന ചരിത്രവും കോലി തന്റെ പേരിലാക്കി മാറ്റി. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്നിട്ടാണ് കോലി ഈ നേട്ടം കൈവരിച്ചത്, ശ്രീലങ്കയുടെ കുമാര സംഘക്കാരെയാണ് 14000 റൺസ് ക്ലബ്ബിലുള്ള മറ്റൊരു അംഗം.

ഏറ്റവും കൂടുതൽ ക്യാച്ചുകൾ
കോലി നേടിയെടുത്ത മറ്റൊരു റെക്കോർഡ് ഇന്ത്യയ്ക്കുവേണ്ടി ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടി എന്നുള്ളതാണ്, വിക്കറ്റ് കീപ്പർ അല്ലാത്ത ഒരു താരത്തിന്റെ ഈ നേട്ടത്തിലൂടെ കോലി മറികടന്നത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനെയാണ്, 156 ക്യാച്ചുകൾ ആയിരുന്നു അദ്ദേഹത്തിന്റെ പേരിൽ, കോലി 158 ക്യാച്ചുകളോടെ അത് സ്വന്തം പേരിലേക്ക് മാറ്റി. 36 കാരനായ വിരാട് കോലിയുടെ ഫിറ്റ്നസിനെക്കുറിച്ച് ചിലർ ഉന്നയിച്ച സംശയത്തിനുള്ള മറുപടി കൂടിയാണ് ഇത്.
പാകിസ്താനെതിരെയുള്ള സെഞ്ച്വറികൾ
പാക്കിസ്ഥാനെതിരെ ഏകദിനത്തിൽ കോലിയുടെ സെഞ്ച്വറി നേട്ടങ്ങൾ ഇതുവരെ അഞ്ചെണ്ണമാണ് എന്ന് മാത്രമല്ല സവിശേഷത തന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ ആയ 186 നേടിയത് ഇവർക്കെതിരെയായിരുന്നു.
ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി,ഏഷ്യ കപ്പ് തുടങ്ങിയ എല്ലാ പ്രമുഖ ഐസിസി ഏകദിന ടൂർണമെന്റുകളിലും പാക്കിസ്ഥാനെതിരെ വിരാട് കോലിക്ക് സെഞ്ച്വറി നേടാൻ കഴിഞ്ഞു എന്നുള്ളത് മറ്റൊരു ചരിത്രം.
ഐസിസി ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാച്ച് അവാർഡുകൾ നേടിയ താരവും സാക്ഷാൽ കിംഗ് കോലി തന്നെ.