
‘നാം മുന്നോട്ട്’ ഷോയ്ക്ക് ബജറ്റിലെ 5.22 കോടി പോരെന്ന്! 2.34 കോടി കൂടുതൽ ആവശ്യപ്പെട്ട് പിണറായി
- നാം മുന്നോട്ടിന് 7.56 കോടി റെഡിയാക്കാൻ കെ.എൻ. ബാലഗോപാൽ
ആശ വർക്കർമാർക്ക് വേതനം കൂട്ടാത്ത ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിന് കൂടുതൽ പണം അനുവദിക്കും.
2025- 26 സാമ്പത്തിക വർഷം 5.22 കോടിയാണ് നാം മുന്നോട്ടിനായി ബാലഗോപാൽ ബജറ്റിൽ വകയിരുത്തിയത്. ഈ തുക പോര എന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും ആവശ്യപ്പെട്ട് പി.ആർ. ഡി സബ്ജക്ട് കമ്മിറ്റിക്ക് പ്രൊപ്പോസൽ നൽകിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ കൂടെ സമ്മതം തേടിയതിനു ശേഷമാണ് പി.ആർ.ഡി ഫയൽ സമർപ്പിച്ചിരിക്കുന്നത്. 2.34 കോടി കൂടി അധികമായി നൽകണം എന്നാണ് പി ആർ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി ആയതിനാൽ ബാലഗോപാൽ കണ്ണും പൂട്ടി പണം കൊടുക്കുമെന്ന കാര്യം ഉറപ്പ്.
ഇതോടെ നാം മുന്നോട്ടിൻ്റെ ബജറ്റ് വിഹിതം 7.56 കോടിയായി ഉയരും. മുഖ്യമന്ത്രി പൊതുവിഷയങ്ങളിൽ മേൽ നടത്തുന്ന പ്രതിവാര ടെലിവിഷൻ പരിപാടിയാണ് നാം മുന്നോട്ട്. ഇതിലൂടെ സർക്കാരിൻ്റെ നയങ്ങളും സംരംഭങ്ങളും പുതിയ പദ്ധതികളും പൊതു ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.

ഒരു വർഷത്തേക്കുള്ള നിർമ്മാണ ചെലവ് , തിരഞ്ഞെടുത്ത ചാനലുകളിലും ദൂരദർശനിലും ഇൻ്ററാക്റ്റീവ് ഷോയ്ക്കുള്ള ടെലികാസ്റ്റ് ഫീസ്,ഔട്ട് ഡോർ പബ്ളിസിറ്റി, പരസ്യങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ.നാം മുന്നോട്ടിൻ്റെ നിർമ്മാണ ചുമതല കൈരളിക്കാണ്. ഇതിലൂടെ കൈരളിക്കും കിട്ടും ലക്ഷങ്ങൾ .