
ചാമ്പ്യൻസ് ട്രോഫി 2025 ലെ ആവേശ പോരാട്ടമായ ഇന്ത്യ പാകിസ്താൻ മത്സരം ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ എന്തായിരിക്കാം ഇന്ത്യയുടെ ഹിറ്റ്മാന്റെയും കൂട്ടരുടെയും ടോസ് ബെയ്സ് ചെയ്തുള്ള പ്ലാൻ എ യും ബിയും.
ടോസ് അനുകൂലമാണെങ്കിൽ ആദ്യം ബോളിംഗ് തിരഞ്ഞെടുക്കും എന്നുള്ള കാര്യത്തിൽ അധിക സംശയങ്ങൾ ഒന്നുമില്ല എന്നുള്ളത് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഇതുവരെയുള്ള മത്സരഫലങ്ങൾ തെളിവാക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവൻ തന്നെ ഈ മത്സരത്തിലും തുടരാനാണ് സാധ്യത. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരക്ക് അതേ പെർഫോമൻസ് തന്നെ ഈ മത്സരത്തിലും കാഴ്ചവയ്ക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
അതുകൊണ്ട് തന്നെ ടോസിന്റെ ആനുകൂല്യത്തിൽ ആദ്യം ബോളിംഗ് ലഭിക്കുകയും പാക്കിസ്ഥാനെ താരതമ്യേനെ കുറഞ്ഞ സ്കോറിൽ പിടിച്ചു കെട്ടാനും കഴിഞ്ഞാൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർ മാർക്ക് കാര്യങ്ങൾ താരതമ്യേനെ എളുപ്പമാകും. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യുന്ന ഗില്ലും ഹിറ്റ്മാൻ രോഹിത് ശർമയും ഫോമിലേക്ക് എത്തിയിട്ടുള്ളത് ബാറ്റിംഗ് നിരക്ക് മികച്ച ആത്മവിശ്വാസം നൽകും മൂന്നാമതായി ഇറങ്ങുന്ന വിരാട് കോലി ഒരു ഇടവേളയ്ക്ക് ശേഷം, അവസാനം നടന്ന ഏകദിന പരമ്പരയിൽ ഫോമിലേക്ക് തിരിച്ചു വന്നതും നാലാം നമ്പറിൽ തുടർച്ചയായി നല്ല പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ശ്രേയസ് അയ്യരും മധ്യനിരയിൽ സ്ഥാനകയറ്റം കിട്ടി വരുന്ന അക്സർ പട്ടേൽ, തുടർന്ന് ക്രീസിൽ എത്തുന്ന കെഎൽ രാഹുൽ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ അടങ്ങുന്ന മികച്ച ഒരു ബാറ്റിംഗ് ഓർഡർ തന്നെയാണ് ഇന്ത്യക്കുള്ളത്.
240 നു താഴെയുള്ള ടാർജറ്റ് ആണെങ്കിൽ അധികം വെല്ലുവിളികളില്ലാതെ തന്നെ ലക്ഷ്യം നേടാനാകും. ഇനി ഇന്ത്യയ്ക്ക് ലഭിക്കുന്നത് ആദ്യ ബാറ്റിങ് ആണെങ്കിൽ മുകളിൽ സൂചിപ്പിച്ച ബാറ്റിംഗ് നിരയിൽ നിന്നും 260 നു മുകളിലുള്ള ഒരു ടോട്ടൽപ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ബോളിങ് നിരയിലേക്ക് നോക്കുകയാണെങ്കിൽ ഐസിസി ടൂർണമെന്റ്കളിലെ ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ബോളർ എന്നു വിശേഷിപ്പിക്കാവുന്ന മുഹമ്മദ് ഷാമിയുടെ നേതൃത്വത്തിൽ ഹർഷിദ് റാണയും ഹർദിക് പാണ്ഡ്യയും ഫാസ്റ്റ് ബോളിംഗ് കൈകാര്യം ചെയ്യുമ്പോൾ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ തുടങ്ങിയ സ്പിന്‍ ബോളർമാർ അണിനിരക്കാൻ ആണ് സാധ്യത.
ജസ്പ്രീത് ബുംറ എന്ന ഇന്ത്യയുടെ ബോളിംഗ് വജ്രായുധത്തിന്റെ അഭാവം ഉണ്ടെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ഐസിസി മത്സരങ്ങളിലെ തന്റെ പ്രത്യേക പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തി. പകലും രാത്രിയുമായി നടക്കുന്ന ഈ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സില്‍ മഞ്ഞുവീഴ്ച ഇല്ലാത്തത് ടോസില്‍ അധികം പ്രാധാന്യമില്ലെന്നതാണ് ഗില്ലിന്റെ വാക്കുകൾ.