
ശമ്പളമില്ലാത്ത അധ്യാപകർ; ഒരു രൂപ പോലും ശമ്പളമില്ലാതെ വർഷങ്ങളോളം ജോലി
തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകളിൽ പതിനായിരിക്കണക്കിന് അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി സ്‌കൂളുകൾ വരെ സംസ്ഥാനത്തുടനീളം 16,000 അംഗീകാരമില്ലാത്ത അധ്യാപക തസ്തികകളുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്രം 2200 ഓളം തസ്തികകൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച സർക്കാർ സ്‌കൂളുകളിൽ പോലും അധ്യാപക തസ്തികക്ക് അംഗീകാരമായിട്ടില്ല. ഒരു സ്‌കൂളിൽ തന്നെ പത്തോളം അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന സാഹചര്യമുണ്ട്. അവരിൽ പലരും പുറത്ത് അവധി ദിവസങ്ങളിൽ ട്യൂഷൻ ക്ലാസുകൾ എടുത്തും ഡ്രൈവിങ് ജോലി ചെയ്തും, ഡെലിവറി സ്റ്റാഫ് ആയും ജോലി ചെയ്ത് നിത്യ ചെലവിനുള്ള തുക കണ്ടെത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കുടുംബങ്ങളുള്ളവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.
കഴിഞ്ഞദിവസം, കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്‌കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നിയമനാംഗീകാരം കിട്ടാത്തതിനാൽ ശമ്പളം കിട്ടിയിരുന്നില്ലെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടുകൂടി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ ജീവിത ദുരിതം പുറംലോകം ചർച്ച ചെയ്യുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്ലസ്ടു ബാച്ചുകൾ അനുവദിച്ച എട്ട് സ്‌കൂളുകളിലെ അധ്യാപകർ നിയമനാനുമതി ലഭിക്കാതെ കാത്തിരിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി. അവരുടെ പദവി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, അവരുടെ തസ്തികകൾ ഔദ്യോഗികമായി സൃഷ്ടിക്കപ്പെട്ടിട്ടുപോലുമില്ല. ഈ സ്‌കൂളുകളിൽ മാത്രം 56 അധ്യാപകരുണ്ട്.